ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതി’. സാക്ഷര കേരളത്തിൽ അധികമാരും ചർച്ചചെയ്യപ്പെടാതെ പോകുന്ന ഭ്രൂണഹത്യ എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.
ഭ്രൂണഹത്യക്ക് ശ്രമിച്ചിട്ടും കുഞ്ഞ് മരിച്ചില്ലെങ്കിൽ പിന്നീട് അവർ എങ്ങനെ ജീവിക്കുന്നു എന്ന പച്ചയായ യാഥാർഥ്യത്തിലേക്കുള്ള അന്വേഷണമാണ് പാതിയിലൂടെ സംവിധായകൻ പറയുന്നത്. മലബാറിലെ തെയ്യങ്ങളുടെയും തെയ്യക്കഥകളുടെയും പശ്ചാത്തലത്തിൽ, തകർന്നടിയുന്ന മനുഷ്യന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ചിത്രം നമുക്ക് പറഞ്ഞു തരുന്നു.
ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, വത്സല മേനോന്‍, സീമ ജി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നവാഗതനായ വിജേഷ് വിശ്വം ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലക്ഷ്മണ്‍ കാഞ്ഞിരങ്ങാടിന്‍റെ വരികള്‍ക്ക് പണ്ഡിറ്റ് രമേശ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഇന്‍റാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സാജന്‍ കളത്തിലാണ്. മേക്കപ് പട്ടണം റഷീദും കലാസംവിധാനം അജയ് മാങ്ങാടും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം നവംബര്‍ 17-ന് തിയേറ്ററുകളിലെത്തും.


