ചെന്നൈ: ഉല്പാദനം കുറഞ്ഞതോടെ സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് തീവില. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. രണ്ടാഴ്ച കൂടി വിലക്കയറ്റം തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.
മുംബൈയിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി. ചെറുകിടവില്‍പ്പന 200ന് മുകളിലാണ്. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില 45 രൂപയും ചെറുകിടവില്‍പ്പന 60ന് മുകളിലുമാണ്.
തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്പാദനത്തിനു വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം.
അരി, ചോളം, ബജ്റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്കു കര്‍ഷകര്‍ മാറി. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണു സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

