പൂനെ: ഇനി എവിടെ വച്ച് ഇന്ധനം തീര്‍ന്നാലും പ്രശ്നമില്ല. ഒരു ഫോണ്‍ കോളിന്‍റെ ദൂരത്തില്‍ ഇന്ത്യന്‍ ഓയിലിന്‍റെ പെട്രോള്‍ പമ്പുകളുടെ സേവനം ലഭ്യമാകും. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ ആദ്യ പെട്രോള്‍ ഹോം ഡെലിവറി ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളിലടക്കം പരീക്ഷിച്ച ഈ സംവിധാനം വിജയകരമാണെന്ന് കണ്ടാല്‍ ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ പെട്രോള്‍ ഡിസ്പെന്‍സര്‍ ഘടിപ്പിച്ചാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ സംവിധാനത്തിലൂടെ ഡീസല്‍ മാത്രമാണ് ലഭ്യമാകുന്നത്.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് വണ്ടികള്‍ക്ക് ഏറെ സഹായകമായിരിക്കും ഈ സംവിധാനമെന്നാണ് വിലയിരുത്തല്‍. കൂടാതെ അടുത്തൊന്നും പെട്രോള്‍ പമ്പുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലും ഈ സംവിധാനം ഉപകാരമായിരിക്കും. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സാധാരണ ഇന്ധനവിലയേക്കാള്‍ കൂടുതലായിരിക്കും ഹോം ഡെലിവറി സംവിധാനത്തിലേതെന്നും സൂചനയുണ്ട്.

