കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ 3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
തീരദേശ പോലീസും മീന്‍പിടുത്ത ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 56 ആയി.
ഇന്നലെ കോഴിക്കോട് തീരത്തു നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ പി പി കൃഷ്ണന്‍കുട്ടിയുടേയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

