ദില്ലി: ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെയും കുരങ്ങന്മാരെയും സിംഹത്തേയും തമിഴിലും സംസ്കൃതത്തിലും തനിക്ക് സംസാരിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദവുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. ഇവയെ സംസാരിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം താന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിയതായും അത് വിജയിച്ചതായും നിത്യാനന്ദ അവകാശപ്പെടുന്നു.
മനുഷ്യര്‍ക്ക് ഉള്ളതുപോലെ ചില ആന്തരികാവയവങ്ങള്‍ പശുക്കള്‍ക്കും കുരങ്ങനും സിംഹത്തിനും ഇല്ല. എന്നാല്‍ മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള പ്രവര്‍ത്തനത്തിലൂടെ അവയവങ്ങള്‍ അവരുടെ ശരീരത്തിലും നിര്‍മിക്കാന്‍ സാധിക്കും. അത് ശാസ്ത്രീയമായി താന്‍ തെളിയിക്കും. ഇതിനായി ശാസ്ത്രീയ പരിശോധനയും റിസര്‍ച്ചുകളും താന്‍ നടത്തിവരികയാണ് എന്നും നിത്യാനന്ദ പറഞ്ഞു.
കുരങ്ങുകള്‍ക്കും സിംഹങ്ങള്‍ക്കും ആവശ്യമായ ഭാഷാ കോഡുകളും ഉച്ചാരണങ്ങളും വികസിപ്പിച്ചെടുക്കും. പശുക്കളെകൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കും എന്നും നിത്യാനന്ദ പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ആത്മീയ സ്ഥാപനത്തിന്റെ തലവനാണ് എന്ന് അവകാശപ്പെടുന്ന നിത്യാനന്ദക്കെതിരെ യുവതിയെ പീഡിപ്പിച്ചതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.