കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.
കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ കൊടിയ അപമാനമാണ് പരീക്ഷാ കേന്ദ്രത്തില്‍ നേരിട്ടതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അടിവസ്ത്രം ഇല്ലാത്തതിനാല്‍ മുടി മുന്നിലേക്കിട്ട് പരീക്ഷാ ഹാളില്‍ ഇരിക്കേണ്ടി വന്നു. എന്നിട്ടും ആത്മവിശ്വാസം നേടിയനോ അപമാനഭാരത്തില്‍ നിന്നും മുക്തരാകാനോ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പരീക്ഷ എഴുതിയ ശേഷം തിരിച്ചെത്തിയപ്പോള്‍ കണ്ടത് ഒരുമിച്ച് കൂട്ടിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങളാണ്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
അതേസമയം, താന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു പറയുന്നത്. വിവാദം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അതേസമയം, പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയില്‍ ഉന്നയിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. വിദ്യാര്‍ത്ഥിയോട് പരീക്ഷാ നടത്തിപ്പുകാര്‍ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളില്‍ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍
എന്റെ മൂത്തമകള്‍ നീറ്റ് പരീക്ഷ എഴുതി ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുന്‍പും നീറ്റ് പരീക്ഷകള്‍ക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങള്‍ എടുത്തുമാണ് ഞങ്ങള്‍ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.
എന്നാല്‍ അവിടെ വച്ച് അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ആണ് മകള്‍ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതില്‍ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.
ഞാന്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിലോ അല്ലെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകള്‍ക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോള്‍ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകള്‍ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാല്‍ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയില്‍ എഴുതാന്‍ പറ്റാതെ പോയതിന്റെയും സങ്കടത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് അവള്‍.

