യാത്രാനുമതിയില്ല; കൊച്ചിയില്‍ പറന്നിറങ്ങിയ പൂച്ചയെ തിരിച്ചയച്ചു

കൊച്ചി: ഗള്‍ഫില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്കൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പൂച്ചയ്ക്ക് യാത്രാനുമതിയില്ല. ഇതേതുടര്‍ന്ന് ഇവരുടെ  സുഹൃത്തിനൊപ്പം പൂച്ചയെ തിരിച്ച്‌ ജിദ്ദയിലേക്ക് അയച്ചു. അനുമതിയില്ലാതെ പൂച്ചയെ കൊണ്ടുവന്ന ദമ്പതികളെ കൊണ്ട് പിഴയുമടപ്പിച്ചു.

ഈ മാസം രണ്ടിനാണ് ജിദ്ദയില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പൂച്ചയെ ഒപ്പം കൊണ്ടുവന്നത്. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളെ ഇറക്കുമതിക്ക് അനുമതിയില്ല. അതുകൊണ്ട് തന്നെ തിരിച്ചയക്കേണ്ടി വന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

പൂച്ചയെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകളും ദമ്പതികളുടെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ട് പൂച്ചയെ തിരികെ കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ സ്വദേശത്തുനിന്നുള്ള ആരോഗ്യസര്‍ട്ടിഫിക്കറ്റും പകര്‍ച്ചവ്യാധികളും മറ്റുമില്ലെന്ന് ഇവിടെ നിന്നുള്ള പരിശോധന രേഖയും വേണം. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അത്തരം പരിശോധന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ അനുമതിയുള്ളൂ. ഇവിടങ്ങളില്‍ മാത്രമാണ് മൃഗങ്ങളിലെ പകര്‍ച്ചവ്യാധി പരിശോധന സംവിധാനമുള്ളൂവെന്നും സുമിത് കുമാര്‍ പറഞ്ഞു.

 

prp

Related posts

Leave a Reply

*