ഗുരുവായൂര്‍ ക്ഷേത്രം മനോഹരം; ഇന്ത്യയുടെ പുരോഗതിക്കായി പ്രാര്‍ഥിച്ചുവെന്നും മോദിയുടെ ട്വീറ്റ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന്‍റെ മുന്നിലെത്തി താന്‍ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയായതിന് ശേഷം ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയാളത്തിലാണ് ട്വീറ്റ് ചെയ്തത്.

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢ ഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റി നോടൊപ്പം അദ്ദേഹം ക്ഷേത്രദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യവും പങ്കുവെച്ചു .

രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുര കവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കി എതിരേറ്റു.

അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച ശേഷമാണു അദ്ദേഹം ഉപദേവന്മാരെ തൊഴുതത് . തുടര്‍ന്ന് ചുറ്റമ്പല പ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിച്ചു.

Leave a Reply

*