ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണ്, കൊല നടത്തിയെന്ന് സ്വയം പ്രഖ്യാപിക്കുന്നു, ഒരു ക്വട്ടേഷന്‍ സംഘത്തെയും പാര്‍ട്ടി സഹായിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

കേസില്‍ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാര്‍ട്ടി ഭയക്കുന്നില്ല, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേസില്‍ ആകാശ് തില്ലങ്കേരിയുടെ ആരോപണം തള്ളിയ ജയരാജന്‍ മാപ്പ് സാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും കൊലപാതകം നടത്തി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ രാജാവാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍, കൊല നടത്തിയതായി സ്വയം അവകാശപ്പെടുന്നു. ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്ന് ആകാശ് വ്യക്തമാക്കണമെന്ന് എം വി ജയരാജന്‍ ചോദിച്ചു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ കാപ്പ അടക്കം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഒരു ക്വട്ടേഷന്‍ സംഘത്തിനും പാര്‍ട്ടിയുടെ സഹായം കിട്ടിയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ജില്ലയിലെ സിപിഎം നേതൃത്വത്തില്‍ നിന്നും പ്രതികരണമുണ്ടായത്. ഡിവൈഎഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫേസ്‌ബുക്ക് പോസ്‌റ്റിലെ മറുപടിയിലാണ് എടക്കാട് ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്.

ക്വട്ടേഷന് ആഹ്വാനം ചെയ്‌തവര്‍ക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച്‌ പിണ്ഡം വയ്‌ക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് പറയുന്നത്.പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.’ ആകാശ് പറയുന്നു.പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നില്‍ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാ‌ര്‍ട്ടിയിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്‌ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

പോസ്‌റ്റില്‍ കമന്റ് ചെയ്‌തതിന് പിന്നാലെ ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരില്‍ പരാതി സിപിഎമ്മില്‍ ലഭിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ് നീക്കം ചെയ്‌തിരുന്നു. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധത്തെ ചോദ്യംചെയ്‌തതാണ് പ്രശ്‌നകാരണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിക്കുന്നു.

prp

Leave a Reply

*