അങ്കാറ: തുര്‍ക്കിയയില്‍ ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട 42കാരിയെ 222 മണിക്കൂറിനുശേഷം രക്ഷിച്ചു.
ദക്ഷിണ തുര്‍ക്കിയയിലെ കഹ്റമന്മറാസിലാണ് ബുധനാഴ്ച മലികെ ഇമാമോഗ്ലുവെന്ന സ്ത്രീ അത്ഭുതകരമായി പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്ന ടി.വി ദൃശ്യം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി ആറിന് പുലര്‍ച്ച തുര്‍ക്കിയയെ കുലുക്കിയ ഭൂകമ്ബത്തില്‍ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്.
പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരാണ് കൊടുംശൈത്യത്തെയും വിശപ്പും ദാഹവും സഹിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ മരണമുഖം കണ്ട് കിടന്നശേഷം ജീവന് തിരിച്ചുപിടിച്ചത്. കെട്ടിടം തകര്‍ന്നുവീഴുന്നതിനിടെ കാര്യമായി പരിക്കേല്ക്കാത്തവരാണ് അതിജീവിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകള്‍ക്കുശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവനുള്ളവരെ കണ്ടെത്തുന്നതും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതും. ഏറെ പ്രയാസപ്പെട്ടാണ് കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെടുക്കുന്നത്.
അതിനിടെ, തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്ബത്തില്‍ മരണം 41,000 കവിഞ്ഞു. തുര്‍ക്കിയയില്‍ 35,418ഉം സിറിയയില്‍ 5800ഉം മരണമാണ് സ്ഥിരീകരിച്ചത്. ഒമ്ബതു ദിവസത്തിനുശേഷവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചൊവ്വാഴ്ച തുര്‍ക്കിയയില്‍ 17, 21 വയസ്സുള്ള സഹോദരങ്ങളെ രക്ഷിച്ചു. പതിനായിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ക്കപ്പെട്ടത്.
കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്നും പുനര്‍നിര്‍മാണങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്നും തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു. 1,05,000ത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. 13000ത്തിലേറെ പേര് ഇപ്പോഴും ആശുപത്രിയിലാണ്.
തുര്‍ക്കിയയിലെ ഹത്തേയില്‍ കെട്ടിടാവശിഷ്ടത്തിനിടയില്നിന്ന് 15കാരി ഫാത്തിമയെ 200 മണിക്കൂറിന് ശേഷം രക്ഷിച്ച്
ആംബുലന്‍സിലേക്ക് മാറ്റുന്നു

