മുസ്ലിം ലീഗ്‌ സമ്മേളനത്തില്‍ കൈയാങ്കളി; ജില്ലാ സെക്രട്ടറിയുടെ കൈവെട്ടുമെന്ന്‌ പ്രസിഡന്റ്‌

ആലപ്പുഴ > മുസ്ലിം ലീഗ്‌ ജില്ലാ സമ്മേളനത്തില്‍ കൈയാങ്കളി. ജില്ലാ ജനറല്‍ സെക്രട്ടറിയുടെ കൈവെട്ടുമെന്ന്‌ ജില്ലാ പ്രസിഡന്റിന്റെ ഭീഷണി.

വെല്ലുവിളി ഏറ്റെടുത്ത് ജനറല്‍ സെക്രട്ടറി ജില്ലാ പ്രസിഡിന്റിന്റെ വീടിന് മുന്നിലെത്തി. വീടിന് പുറത്തിറങ്ങാതെ പ്രസിഡന്റ്. ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് എ എം നസീറും കെ എം ഷാജി പക്ഷക്കാരനായ ജനറല്‍ സെക്രട്ടറി നജ്മ ബാബുവും ഏറ്റുമുട്ടിയത്.

സമ്മേളനം കഴിഞ്ഞശേഷമാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയത്. ഇരുവരും കസേര എടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ ഇടപെട്ട് പിടിച്ചുമാറ്റി. ഇതിനുശേഷമാണ് നജ്മ ബാബുവിന്റെ കൈവെട്ടുമെന്ന് എ എം നസീര്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് രാത്രി 10 വരെ സക്കറിയ ബസാറിലെ എ എം നസീറിന്റെ വീടിന് മുന്നില്‍ നജ്മ ബാബുവും സംഘവും നിലയുറപ്പിച്ചെങ്കിലും എ എം നസീര്‍ പുറത്തിറങ്ങിയില്ല.

ജില്ലാ കൗണ്‍സിലില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായതെങ്കിലും പിന്നില്‍ വര്‍ഷങ്ങളായുള്ള സാമ്ബത്തിക തിരിമറി ആരോപണവുമുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിന് താഴെ കച്ചവടക്കാരില്‍നിന്ന് ലഭിക്കുന്ന വാടകയും സി എച്ച്‌ സെന്റര്‍ നിര്‍മാണ ഫണ്ടും എ എം നസീര്‍ അടിച്ചുമാറ്റിയെന്നും നേരത്തെ മുതലുള്ള ആരോപണമാണ്. ഇതിനിടെ സി എച്ചിന്റെ പേരില്‍ വാങ്ങിയ ആംബുലന്‍സ് വിറ്റെന്നും ഇതും ജില്ലാ കൗണ്‍സിലില്‍ അറിയിച്ചിട്ടില്ലെന്നും നജ്മ ബാബു പക്ഷം ആരോപിച്ചു.

ഗള്‍ഫില്‍നിന്നടക്കം വലിയതോതില്‍ എത്തുന്ന ഫണ്ട് സംബന്ധിച്ച്‌ വര്‍ഷങ്ങളായി ജില്ലാ കൗണ്‍സിലില്‍ കണക്ക് അവതരിപ്പിക്കാറില്ലെന്നും സി എച്ചിന്റെ പേരുപോലും ആലപ്പുഴയില്‍ ലീഗ് നേതൃത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നുമാണ് കെ എം ഷാജി പക്ഷത്തിന്റെ ആരോപണം. സംസ്ഥാനസെക്രട്ടറി സി പി ചെറിയ മുഹമ്മദാണ് ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്തത്. ലീഗില്നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്ക്ക് പിന്നിലെന്ന് ജില്ലാ പ്രസിഡന്റ് എ എം നസീര് പറഞ്ഞു.

prp

Leave a Reply

*