മ്യൂസിക്കല്‍ ലവ് സ്റ്റോറി ‘മെല്ലെ’യിലെക്ക് ഒരു എത്തിനോട്ടം – റിവ്യൂ വായിക്കാം

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.പിതാവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉമയുടെയും റെജിയുടെയും ജീവിതകഥയാണ് മെല്ലെ. ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചു പ്രണയം കൈമാറുന്ന ഇണക്കിളികളായി പുതുമുഖങ്ങളായ അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കും മാറിയപ്പോള്‍ അവിടെ നിര്‍മ്മല സ്നേഹത്തിന്‍റെ കുളിര്‍മഴ പെയ്തിറങ്ങുകയാണ്.

 

നായകന്‍റെ ചുറ്റും കൂടി നിന്ന്കമന്‍റുകളും അഭിനന്ദനങ്ങളും പറയുന്ന കോമാളിക്കൂട്ടുകാരോ ബൈക്കുകളില്‍   ചീറിപ്പാഞ്ഞു  നടക്കാന്‍ കൂടെ ഉറ്റവരോ നമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. മറ്റു സിനിമകളില്‍  കാണുന്ന  യാന്ത്രികമായ അവതരണശൈലിക്ക് വിപരീതമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയിലൂടെ ചിന്തിക്കുവാന്‍ ബിനു ഉലഹന്നാന് കഴിഞ്ഞു എന്നുവേണം കരുതാന്‍.

അതിഭാവുകത്വമോ ജാഡകളോ ഇല്ലാത്ത ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് മെല്ലെ. കല്‍ക്കത്തയും കേരളവും പ്രധാന ലൊക്കേഷനുകളായ ചിത്രത്തില്‍ ഗ്രാമീണ പശ്ചാത്തലത്തിലെ മനോഹര ദൃശ്യങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. റിലീസിങ്ങിനു മുമ്പ് തന്നെ  മേല്ലെയിലെ ഗാനങ്ങള്‍  പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുതുമുഖ സംഗീത സംവിധായകരായ ഡോ. ഡോണാള്‍ഡും, വിജയ്‌ ജേക്കബും ഒരുക്കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ തികച്ചും പ്രശംസ അര്‍ഹിക്കുന്നത്  തന്നെയാണ്. അതുപോലെ  വിജയ്‌ ജേക്കബ് ഈണമിട്ട് വൈക്കം വിജയലക്ഷ്മി പാടിയ ”പുഞ്ചപ്പാടത്തെ പൂങ്കുയിലേ…” എന്ന് തുടങ്ങുന്ന കേരളത്തനിമ വിളിച്ചോതുന്ന  ഗാനം, പുറത്തിറങ്ങിയപ്പോള്‍തന്നെ ജനഹൃദയം ഏറ്റുവാങ്ങിയിരുന്നു.

കേരളത്തിന്‍റെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്നതില്‍  മികച്ച പങ്കുവഹിച്ച   ചായാഗ്രഹകനായ സന്തോഷ് അനിമ മലയാള സിനിമാലോകത്തിനു ഒരു മുതല്‍ക്കൂട്ട്  തന്നെയായിരിക്കും. കൂടാതെ ജോജു ജോയ്,ജോയ് മാത്യു, വിവേക് ഭാസ്കര്‍,പി.ബാലചന്ദ്രന്‍ തുടങ്ങിയ താരങ്ങളുടെ അഭിനയ മികവും എടുത്തു പറയേണ്ടത് തന്നെയാണ്.  പേര് പോലെ തന്നെ മേല്ലെയുടെ ശൈലി അല്‍പം മേല്ലെയായിപ്പോയില്ലേ എന്ന് സൂചിപ്പിക്കാതെവയ്യ. എങ്കിലും പശ്ചാത്തല സംഗീതം ഇതിനെ ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കണ്ടു വിജയിപ്പിക്കേണ്ടത് തന്നെയാണ്. കാരണം  താരപ്പകിട്ടോ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഇല്ലാത്ത മലയാള   സിനിമ പുറംലോകം കാണുന്നത് തന്നെ  അപൂര്‍വമായിരിക്കും. എങ്കിലും ഇങ്ങനെയുള്ള കഥകള്‍ക്ക് യുവതലമുറ നല്‍കുന്ന പിന്തുണ ചിത്രത്തിന് കരുത്താകും എന്ന് നിസംശയം പറയാം.

 

 

 

prp

Related posts

Leave a Reply

*