ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറികൂടി; ‘മെല്ലെ’ 20ന്  തീയേറ്ററുകളില്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന ‘മെല്ലെ’ ഈ മാസം 20 ന്  തീയേറ്ററുകളില്‍ എത്തുകയാണ്.  നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം,  സിനിമയെ പ്രണയിച്ച ഒരു എഞ്ചിനീയറുടെ സ്വപ്ന സാക്ഷാല്‍ക്കാരവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംവിധായകന്‍  മനസ്സ് തുറക്കുന്നു.

Binu Ulahannan

സിനിമ റിലീസാകുന്നതിനുമുമ്പ് തന്നെ മെല്ലെയിലെ ഗാനങ്ങള്‍ക്ക് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചിരുന്നല്ലോ. ഏതു തരത്തിലുള്ള ഒരു ചിത്രമാണ് നമുക്ക് തീയേറ്ററുകളില്‍ പ്രതീക്ഷിക്കാന്‍ കഴിയുക?

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മെല്ലെ ഒരു മ്യൂസിക്കല്‍ റൊമാന്‍റിക്ക് ലവ് സ്റ്റോറിയാണ്. അസുഖ ബാധിതനായ സ്വന്തം പിതാവിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഉമ എന്ന പെണ്‍കുട്ടിയുടെയും നാട്ടിന്‍പുറത്തെ സാധാരണ കുടുംബത്തില്‍ ജനിച്ച് ഡോക്ടറാകുന്ന റെജിയുടെയും ജീവിതമാണ് മെല്ലെ എന്ന ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നത്. കൂടുതല്‍ പറഞ്ഞ് സസ്പെന്‍സ് കളയുന്നില്ല….

ഇലക്ട്രിസിറ്റി  ബോര്‍ഡില്‍ എഞ്ചിനീയറായ താങ്കള്‍ സിനിമയിലേക്ക് എത്താനുണ്ടായ സാഹചര്യം?

സിനിമ ചെറുപ്പം മുതലേ എന്നെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു മേഖലയാണ്. സിനിമയുടെ ഛായാഗ്രഹണം, ശബ്ദനിര്‍വ്വഹണം മുതലായവയെക്കുറിച്ച് പഠിക്കുവാന്‍ കൂടുതല്‍ സമയം വിനിയോഗിച്ചിരുന്നു. ആയിടയ്ക്കാണ് പരിസര മലിനീകരണത്തിനെതിരെ ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്.  ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍ ജീവിതത്തില്‍ വളരെയധികം പ്രചോദനമായി.

മുന്‍ നിര താരങ്ങളുടെ പിന്തുണയില്ലാതെ ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?

മുന്‍നിര താരങ്ങളുടെ പിന്തുണയില്ലാതെ  ഇങ്ങനൊരു ചിത്രം ചെയ്‌താല്‍  അതൊരു വലിയ വെല്ലുവിളിയാകുമെന്നാണ് ഞാന്‍ ആദ്യം  കരുതിയത്‌. എന്നാല്‍ നല്ല സിനിമകളെ  തീയേറ്ററുകളില്‍ പോയി കണ്ട് വിജയിപ്പിക്കാന്‍ പുതു തലമുറ  പഠിച്ചുകഴിഞ്ഞു.  താരപ്പകിട്ടില്ലാത്ത   പല ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിലെ നായകവേഷം ചെയ്ത  അമിത് ചക്കാലക്കലിന്‍റെയും പുതുമുഖ നായിക  തനൂജ  കാര്‍ത്തിക്കിന്‍റെയും   അഭിനയ മികവ് എനിക്ക്  പോസിറ്റീവ്  എനര്‍ജി  തന്നുവെന്ന് തന്നെ പറയാം.

സിനിമയുടെ അണിയറ പ്രവര്‍ത്തകരെക്കുറിച്ച്?

ത്രിയേക പ്രൊഡക്ഷന്‍സിന്‍റെ  ബാനറില്‍ ജോണി സി ഡേവിഡ് ആണ് മെല്ലെ  നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുബീഷ് സെബാസ്റ്റ്യനുമാണ്.  മെല്ലെയുടെ ഗാനങ്ങള്‍ ഒരുക്കിയത് ഡോ.ഡൊണാള്‍ഡ് ആണ്. വിജയ് ജേക്കബ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇതിലെ വൈക്കം വിജയലക്ഷ്മി ആലപിച്ച ”പുഞ്ചപ്പാടത്തെ  പൂങ്കുയിലേ…” എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടതും വിജയ് തന്നെയാണ്. വിജയ്‌ യേശുദാസ്, ശ്വേത മോഹന്‍, ഡോണാള്‍ഡ് മാത്യു എന്നിവരാണ്‌ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

കുടുംബാംഗങ്ങള്‍ ആരൊക്കെ? ആദ്യ സിനിമ ആയതുകൊണ്ട് തന്നെ  കുടുംബം എങ്ങനെയാണ് സിനിമയെക്കുറിച്ച് വിലയിരുത്തുന്നത്?

ഭാര്യ സോബിന. ഞങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ്, ശ്രേയ, സ്മേര എന്നീ മൂന്ന് മക്കളാണ്. കുടുംബമാണ് എനിക്ക് ഫുള്‍ സപ്പോര്‍ട്ടും തന്നത്. അതുപോലെ സുഹൃത്തുക്കള്‍. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഈ പടം ഒരുപക്ഷെ  പൂര്‍ത്തിയാവില്ലായിരുന്നു. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ, മുന്‍നിര താരങ്ങളെ ഒഴിവാക്കി ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് തികച്ചും വെല്ലുവിളിയായി തോന്നിയിരുന്നു. അതും എന്നെ പോലെയുള്ള ഒരു പുതുമുഖ സംവിധായകന്‍. പക്ഷെ പുറത്തിറങ്ങിയ പാട്ടുകള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

മെല്ലെ ഒരു മ്യൂസിക്കല്‍ റൊമാന്‍റിക്കല്‍ ലവ് സ്റ്റോറിയാണ്. പ്രണയത്തിന്‍റെയും   ജീവിതത്തിന്‍റെയും യാഥാര്‍ത്യങ്ങള്‍ തുറന്നു കാട്ടാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. സിനിമ  എല്ലാവരും തിയേറ്ററുകളില്‍ പോയി  കാണണം. എല്ലാവരുടെയും സപ്പോര്‍ട്ടും പ്രാര്‍ഥനയും ഉണ്ടാവണം.

 

 

prp

Related posts

Leave a Reply

*