മുംബൈ: മുംബൈ അന്ധേരിയില്‍ കനത്ത മഴയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. അന്ധേരി ഈസ്റ്റിനെ ഗോഖലെ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നുവീണത്. പുലര്‍ച്ചെ ഏഴരയോടെയായിരുന്നു അപകടം.
ദിവസസേന ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന പാലമാണ് തകര്‍ന്നു വീണത്. പാലം തകര്‍ന്നത് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങളും വൈദ്യുതലൈനും റെയില്‍വേ ട്രാക്കിലേക്കു പൊട്ടിവീണു. ട്രാക്കില്‍നിന്ന് തടസങ്ങള്‍ മാറ്റിയെന്നും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചെന്നും അധികൃതര്‍ അറിയിച്ചു.
തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായാണു റിപ്പോര്‍ട്ടുകള്‍.

