മുംബൈ സ്ഫോടന പരമ്ബര : രണ്ടു പ്രതികള്‍ക്ക് വധശിക്ഷ; അബു സലിമിന് ജീവപര്യന്തം

മുംബൈ : 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരബരക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഫിറോസ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ക്കാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി എ സനാപ് മരണശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രധാന പ്രതികളായ അബു സലിം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും, റിയാസ് സിദ്ധിഖിയ്ക്ക് 10 വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്.

മുഖ്യപ്രതികളായ ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പോര്‍ച്ചുഗല്‍ പൗരനായ അബു സലിമിനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോഴുള്ള ഉടമ്ബടി പ്രകാരമാണ് അദ്ദേഹം വധശിക്ഷയില്‍ നിന്നും ഒഴിവായത്.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതികളിലൊരാളായ മുസ്തഫ ദോസ്സെ ജൂണില്‍ മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 28 നാണ് ദോസ്സെ മരിച്ചത്.

1993 മാര്‍ച്ച്‌ 12ന് പന്ത്രണ്ടിടത്തുണ്ടായ സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും, 713 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2006ല്‍ അവസാനിച്ച ആദ്യ ഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006 നും 2010 നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സിബിഐ പ്രത്യേക അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴു പേരുടെ വിചാരണ രണ്ടാം ഘട്ടമാക്കിയത്.

അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിന് പ്രതികാരമായി സ്ഫോടനങ്ങള്‍ നടത്തി എന്നാണ് കേസ്. 2011 ലാണ് ഈ ഏഴു പേരുടെ വിചാരണ ആരംഭിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടേയും നിയമനടപടികള്‍ പൂര്‍ത്തിയായി.

മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ 2015 ല്‍ തൂക്കിലേറ്റിയിരുന്നു. അതേസമയം സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും ഇപ്പോഴും ഒളിവിലാണ്.

prp

Related posts

Leave a Reply

*