ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാകാനുള്ള മത്സരത്തില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ.’ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി എല്ലാ എം.പിമാരും എം.എല്‍.എമാരും എനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ യശ്വന്ത് സിന്‍ഹ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെതിരെയാണ് സിന്‍ഹ മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ജൂലൈ 21ന് നടക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.
രാജ്യത്തുടനീളമുള്ള പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും അവരുടെ മനസാക്ഷി പറയുന്നത് കേട്ട് തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വോട്ട് രഹസ്യമായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു, അതിനാല്‍ പാര്‍ട്ടി വിപ്പ് ഉണ്ടാകില്ല. അതിനര്‍ഥം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെയും കൂടിയുള്ള പോരാട്ടമാണ്. അവര്‍ വളരെ ശക്തരാണ്. പണവും അതിനിടയില്‍ കളിക്കുന്നുണ്ട്’ സിന്‍ഹ പറഞ്ഞു.
യശ്വന്ത് സിന്‍ഹ എല്ലാ എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ അഭ്യര്‍ഥിച്ച് ഞായറാഴ്ച ട്വിറ്ററില്‍ കുറിപ്പെഴുതിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി താന്‍ നിലകൊള്ളുന്നുവെന്നും ദ്രൗപദി മുര്‍മു ജനാധിപത്യത്തിനെതിരെ ദിനംപ്രതി ആക്രമണം നടത്തുന്നവരെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
‘ഭരണഘടനയുടെ ആമുഖത്തില്‍ തന്നെയുള്ള മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. ഈ സ്തംഭം തകര്‍ത്ത് ഭൂരിപക്ഷ മേധാവിത്വം സ്ഥാപിക്കാന്‍ മറയില്ലാതെ തന്നെ ശ്രമിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് എതിര് സ്ഥാനാര്‍ഥി.
സമവായത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. എതിര് സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നത് സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും രാഷ്ട്രീയം പ്രയോഗിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല, രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

