ന്യൂഡല്‍ഹി
അയോധ്യയിലെ ക്ഷേത്രനിര്‍മാണവും കാശി, കേദാര്‍നാഥ്, മഹാകാല്‍ ക്ഷേത്രമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളായി പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
നിയന്ത്രണ രേഖ ലംഘിച്ച് നടത്തിയതായി അവകാശപ്പെടുന്ന മിന്നലാക്രമണം, ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കല്‍ എന്നിവയും നേട്ടമാണെന്ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയായശേഷം പാര്‍ലമെന്റില്‍ ദ്രൗപദി മുര്‍മുവിന്റെ ആദ്യ അഭിസംബോധനയായിരുന്നു.
അയോധ്യയില്‍ അമ്ബലം പണിക്കൊപ്പംതന്നെ ആധുനിക പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ വികസിത രാജ്യമാകും. ഉജ്വല പാരമ്ബര്യത്തെ ചേര്‍ത്തുപിടിച്ച് ആധുനികതയുടെ നല്ല വശങ്ങള് ഉള്‍ച്ചേരുന്ന രാഷ്ട്രത്തെ 2047 ഓടെ കെട്ടിപ്പടുക്കും. ദാരിദ്ര്യം ഇല്ലാതാക്കും. ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും രാഷ്ട്രപതി പറഞ്ഞു.
സുപ്രീംകോടതി ഇടപെടലും മോദിയുടെ നേട്ടമാക്കി രാഷ്ട്രപതി
സൈന്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യപരിഗണന ലഭിക്കാന്‍ സുപ്രീംകോടതി നടത്തിയ ഇടപെടലുകളെയും മോദി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കരസേനയില്‍ സമസ്ത മേഖലകളിലും സ്ത്രീകളുടെ റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് രാഷ്ട്രപതി പാര്‍ലമെന്റില്‍ പറഞ്ഞു. സൈനിക് സ്കൂളുകളിലും മിലിട്ടറി അക്കാദമികളിലും പെണ്‍കുട്ടികള്‍ക്ക് പഠനവും പരിശീലനവും ഉറപ്പാക്കിയെന്നും പറഞ്ഞു.
സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിലൂടെയാണ് വനിത ഓഫീസര്‍മാര്‍ക്ക് സൈന്യത്തില്‍ തുല്യപരിഗണന ലഭിച്ചത്. വനിതകളുടെ ആവശ്യത്തെ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തത്. ലിംഗവിവേചനം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാട് സുപ്രീംകോടതി സ്വീകരിച്ചതോടെ കേന്ദ്രം മുട്ടുമടക്കുകയായിരുന്നു.

