പാലക്കാട്: പാലക്കാട് അലനല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട സംഭവം വിദ്യാര്‍ത്ഥിനി വീട്ടുകാരെ ഭയപ്പെടുത്താന്‍ സ്വയം ചെയ്തതെന്ന് പൊലീസ്.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അലനല്ലൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി.
രണ്ടു പേര്‍ ചേര്‍ന്ന് സ്കൂളിന്റെ മൂന്നാം നിലയില്‍ എത്തിച്ച് കൈകള്‍ കെട്ടിയിട്ടു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന പണം എടുക്കാന്‍ വേണ്ടിയാണ് രണ്ടു പേര്‍ മുഖം പൊത്തി കൈകള്‍ കെട്ടിയിട്ടതെന്ന് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൊഴിയില്‍ സംശയമുണ്ടെന്ന് വീട്ടുകാര്‍ തന്നെ പൊലീസിനോട് പറയുകയായിരുന്നു.
ഇതോടെയാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന് വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി സ്കൂളിലെത്തിയിരുന്നത്. രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ല. വീട്ടില്‍ നിന്നും കൊടുത്തയച്ച ഉച്ചഭക്ഷണവും കഴിച്ചില്ല. ഇതിനിടെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ പിണങ്ങിയതും കുട്ടിയെ വേദനിപ്പിച്ചു. ഇതോടെയാണ് വീട്ടുകാരെയും കൂട്ടുകാരെയും ഭയപ്പെടുത്താന്‍ ഷാളുപയോഗിച്ച് സ്വയം കൈ കൂട്ടി കെട്ടിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്.

