തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഏജന്റുമാര്‍ ഇടനിലക്കാരാകുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം.
ഏജന്റുമാര്‍ തട്ടിപ്പ് നടത്തി, ഇതിന് പിന്നില്‍ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്ബ് വരെയുള്ള ഫയലുകള്‍ പരിശോധിച്ചു. കൂടുതല്‍ ഫയലുകള്‍ പരിശോധിക്കേണ്ടി വരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് നടത്തിയതെന്നും മനോജ് എബ്രഹാം പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ എല്ലാ ജില്ലകളിലും ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്നത് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തീക്കട്ടയില്‍ ഉറുമ്ബരിക്കുന്ന അവസ്ഥയാണ്. പ്രത്യേക അന്വേഷണ സംഘം വേണം, ഇല്ലെങ്കില്‍ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. കുട്ടികള്‍ കുടുക്ക വരെ പൊട്ടിച്ച് നല്‍കിയ പണമാണ് അപഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. അന്വേഷണം നടത്തിയാല്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാകും. പ്രളയഫണ്ട് തട്ടിപ്പില്‍ ഉള്‍പെടെ പാര്‍ട്ടിക്കാരെ സംരക്ഷിച്ചതിന്‍റെ ഫലമാണിത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ദുരിതാശ്വാസ നിധി തട്ടിപ്പിലെ വിജിലന്‍സ് അന്വേഷണം അപര്യാപ്തമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിശദ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണം. പ്രളയ ഫണ്ട് തട്ടിപ്പ് ചൂണ്ടി കാണിച്ചപ്പോള്‍ പരിഹസിച്ചു, പ്രതികളെ സംരക്ഷിച്ചു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിജിലന്‍സ് റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മരിച്ചവരുടെ പേരിലും ദുരിതാശ്വാസം വിഴുങ്ങി
രോഗികള്‍ക്കും അശരണര്‍ക്കും താങ്ങാവേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാജന്മാര്‍ക്കനുവദിച്ച് വിഹിതം കൊള്ളയടിക്കുന്നു. മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡോക്ടര്‍മാരും തട്ടിപ്പില്‍ ഒത്താശചെയ്യുന്നു. ഇതിനായി പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
വിജിലന്‍ന്‍സ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. റെയ്ഡ് രണ്ടു നാള്‍ കൂടി തുടരും. തട്ടിപ്പിന്റെ വ്യാപ്തി അതിനു ശേഷമേ വ്യക്തമാകൂ. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരില്‍ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളില്‍ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതില്‍ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എല്ലാ ജില്ലകളിലും വമ്ബന്‍ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല. കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ എറണാകുളത്ത് സമ്ബന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നല്‍കി. കാസര്‍കോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടു ഡോക്ടര്‍മാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാര്‍, റേഷന്‍കാര്‍ഡ് പകര്‍പ്പ് നല്‍കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പില്ലാത്തവര്‍ക്കും പണംകിട്ടി.

