‘ഉംറാന്‍ മാലികിനെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ ഞാനുണ്ട്’- പ്രഖ്യാപനവുമായി പുതിയ പാക് താരം

മുമ്ബ് ഷുഐബ് അഖ്തറും ബ്രെറ്റ് ലീയും എറിഞ്ഞ അതിവേഗ പന്തുകളെ തോല്‍പിക്കാന്‍ ജമ്മു കശ്മീരില്‍നിന്നൊരു പയ്യന്‍ വന്നതായിരുന്നു ഉംറാന്‍ മാലിക്.

മാരക വേഗവുമായി ഐ.പി.എല്ലില്‍ ഹൈദരാബാദിനു വേണ്ടിയും ദേശീയ ജഴ്സിയിലും തിളങ്ങിയ താരം ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയവനാണ്. 157 കിലോമീറ്ററാണ് താരം എറിഞ്ഞത്. ദേശീയ കുപ്പായത്തിലാകട്ടെ ശ്രീലങ്കക്കെതിരെ 156 കിലോമീറ്റര്‍ എറിഞ്ഞതാണ് റെക്കോഡ്. സ്ഥിരമായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ എറിയാനാകുന്നുവെന്നതാണ് ഉംറാന്‍ മാലികിന്റെ സവിശേഷത.

എന്നാല്‍, പാകിസ്താന്‍ സൂപര്‍ ലീഗില്‍ കളിക്കുള്ള ഇഹ്സാനുല്ലയാണ് പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. ”ഉംറാന്‍ മാലികിനെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ ശ്രമിക്കും. ഉംറാന്‍ എറിഞ്ഞത് 157 കിലോമീറ്റര്‍ വേഗത്തിലാണ്. അയാളെക്കാള്‍ വേഗത്തിലെറിയാന്‍ ഞാന്‍ ശ്രമിക്കും. 160 കിലോമീറ്റര്‍ വേഗത്തില്‍ എറിയും”- ഇഹ്സാനുല്ല പറയുന്നു.

കഴിഞ്ഞ ദിവസം പി.എസ്.എല്ലില്‍ 12 റണ്‍സ് വിട്ടുനല്‍കി അഞ്ചു വിക്കറ്റാണ് ഇഹ്സാനുല്ല വീഴ്ത്തിയത്. അതും ജാസണ്‍ റോയ്, ഉമര്‍ അക്മല്‍, സര്‍ഫറാസ് അഹ്മദ്, ഇഫ്തിഖാര്‍ അഹ്മദ്, നസീം ഷാ എന്നീ വിലപ്പെട്ട വിക്കറ്റുകള്‍.

140 കിലോമീറ്ററിലേറെ വേഗത്തിലാണ് നിലവില്‍ ഇഹ്സാനുല്ലയുടെ ശരാശരി. സര്‍ഫറാസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ പന്ത് 150.3 കിലോമീറ്റര്‍ വേഗത്തിലാണ് പറന്നത്.

അതേ സമയം, പേസര്‍മാര്‍ക്ക് പേരുകേട്ട് പാക് നിരയില്‍ ഇഹ്സാനുല്ലയെക്കാള്‍ വേഗത്തില്‍ എറിയുന്നവര്‍ വേറെയുമുണ്ട്. ഹാരിസ് റഊഫിനെ ഒരേ വേഗം നിലനിര്‍ത്തി എറിയാന്‍ ഉംറാന്‍ മാലികിനു പോലും ആകാറില്ലെന്ന് മുന്‍ പാക് താരം ആക്വിബ് ജാവെദ് പറയുന്നു. ആദ്യ സ്പെല്ലില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ എറിയുന്ന ഉംറാന്‍ അവസാനത്തിലേക്ക് എത്തുമ്ബോള്‍ അത് 138 കിലോമീറ്ററായി താഴുന്നു. ഇത് സ്ഥിരതയുടെ പ്രശ്നമാണെന്നും ഒരിക്കല്‍ ഉയര്‍ന്ന വേഗത്തില്‍ എറിഞ്ഞാല്‍ എല്ലാമാകുന്നില്ലെന്നും ആക്വിബ് പറയുന്നു.

prp

Leave a Reply

*