ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തിരക്കേറിയ റോഡില്‍ വെച്ച് യുവതിയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം. 47കാരിയായ വന്ദന ശര്‍മയുടെ ചെവിയാണ് കമ്മല്‍ മോഷണത്തിനിടെ മുറിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തനിച്ച് തന്നെ ആശുപത്രിയില്‍ ചെല്ലുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകുകയും ചെയ്തു.
ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശര്‍മ്മ. പെട്ടെന്നാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി.
കാഴ്ച്ചയില്‍ 20 വയസ്സു തോന്നിക്കുന്ന മോഷ്ടാവിനെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. . പകരം ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില്‍ പോവണമെന്നും മാത്രം നിര്‍ദേശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.

