കൊല്‍ക്കത്ത: പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. അധികൃതര്‍ അറസ്റ്റു ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ തനിയ്ക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും പറഞ്ഞാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ചത്. മന്ത്രിയുടെ അടുത്ത സഹായിയായ മാണിക് മജൂംദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്.
ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ഇടക്കാല ബജറ്റിനെ എതിര്‍ത്തു ചില കാര്യങ്ങള്‍ പറഞ്ഞത്. അക്കാരണത്താല്‍ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. ഞാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ അത് ചെയ്യാന്‍ പ്രേരിതരാകുകയാണ്. മോദി ചില ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു, അവരോട് ചിലത് ചെയ്യാന്‍ പറയുന്നു. ജനങ്ങളുടെ കണ്ണില്‍ പ്രതിപക്ഷത്തെ താഴ്ത്തിക്കാട്ടാനുള്ള തന്ത്രമാണതെന്നും മമത ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്റെ കുക്കിനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു. ശാരദാ പൊന്‍സി പണം തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു മാണിക് മജൂംദാറിനെ ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാലബജറ്റിനെ വെറും പ്രഹസനവും നിരാശാജനകവുമായ ബജറ്റ് എന്നായിരുന്നു രൂക്ഷഭാഷയില്‍ മമത വിമര്‍ശിച്ചിരുന്നത്. ബിജെപിയുടെ പ്രകടന പത്രികയാണിതെന്നും രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മമത ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവര്‍ഷം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സര്‍ക്കാര്‍ അജണ്ടകളൊന്നും പ്രഖ്യാപിക്കാതിരുന്നതെന്നും മമത ചോദിച്ചു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനാവശ്യമായ ഫണ്ട് ഉറപ്പു വരുത്തണമെന്നും മമത കൂട്ടിച്ചേര്‍ത്തിരുന്നു.
