സഹപ്രവര്‍ത്തകന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ മേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മേജറെ അറസ‌്റ്റുചെയ‌്തു.നാഗാലാന്‍ഡ് ദിമാപുരില്‍ ജോലിചെയ്യുന്ന മേജര്‍ നിഖില്‍ ഹാണ്ടയെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നാണ്‌ അറസ്റ്റ‌് ചെയ്തത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജാദ്വിവേദിയെ (35) കൊലപ്പെടുത്തിയ കേസിലാണ് നടപടി.

കഴിഞ്ഞദിവസം ഡല്‍ഹി കന്‍റോണ്‍മെന്‍റ് മെട്രോസ്റ്റേഷന് സമീപമാണ് ശൈലജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനവും കയറ്റിയിരുന്നു. മേജര്‍ അമിത് ദ്വിവേദി നേരത്തെ ദിമാപുരില്‍ ജോലിചെയ്തിരുന്നു. ഇവിടെവച്ചാണ് നിഖിലും ശൈലജയും പരിചയപ്പെടുന്നത്. അമിത് ദ്വിവേദി പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് മാറിയതിനെ തുടര്‍ന്ന് ശൈലജയും ഡല്‍ഹിയില്‍ എത്തുകയായിരുന്നു.

ശനിയാഴ്ച ആര്‍മി ബേസ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പി നടത്താനാണ് ശൈലജ ഔദ്യോഗികവാഹനത്തില്‍ വീട്ടില്‍നിന്ന‌് തിരിച്ചത്. എന്നാല്‍, തിരികെ വിളിക്കാന്‍ ഡ്രൈവര്‍ എത്തിയ സമയത്താണ് ഇവര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന്, ഉച്ചയോടെ  യുവതിയുടെ മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 2009ലാണ് അമിത് ദ്വിവേദിയും അമൃത്സര്‍ സ്വദേശിനി ശൈലജയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആറ് വയസ്സുള്ള മകനുണ്ട്.

prp

Related posts

Leave a Reply

*