മഹാമാരിക്കിടയിലെ പണഞ്ഞെരുക്കം; സ്വര്‍ണ വായ്​പയിലേക്ക്​ തിരിഞ്ഞ്​ ജനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയും ലോക്​ഡൗണും സൃഷ്​ടിച്ച പണഞ്ഞെരുക്കവും ​അപ്രതീക്ഷിത ചെലവുകളും ജനങ്ങളെ പ്രേരിപ്പിച്ചത്​ സ്വര്‍ണ വായ്​പക്ക്​. 2021 മേയില്‍ അവസാനിച്ച 12 മാസത്തിനിടെ എല്ലാ മേഖലയിലും 33.8 ശതമാനത്തി​െന്‍റ ഉയര്‍ന്ന വായ്​പ വളര്‍ച്ച നിരക്കാണ്​ രേഖപ്പെടുത്തിയത്​.

ഇക്കാലയളവില്‍ ബാങ്കുകളുടെ സ്വര്‍ണ പണയ വായ്​പ 15,686 കോടി ഉയര്‍ന്ന്​ 62,101​കോടിയിലെത്തി. 2020 മേയില്‍ ഇത്​ 46,415 കോടിയായിരുന്നുവെന്നും റിസര്‍വ്​ ബാങ്കി​െന്‍റ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിലാണ്​ രാജ്യത്ത്​ കോവിഡി​െന്‍റ ആദ്യതരംഗം പിടിമുറക്കുന്നത്​. ഇക്കാലയളവ്​ മുതല്‍ സ്വര്‍ണ വായ്​പയില്‍ 86.4 ശതമാനം അഥവാ 33,308 കോടി രൂപ 2021 മേയ്​ മാസത്തോടെ ഉയര്‍ന്നതായി ആര്‍.ബി.ഐ പറയുന്നു.

ബാങ്കുകളില്‍ സ്വര്‍ണവായ്പയിലുണ്ടായ കുതിച്ചുചാട്ടമാണിത്​​. മുത്തൂറ്റ്​ ഫിനാന്‍സ്​, മണപ്പുറം ഫിനാന്‍സ്​ തുടങ്ങിയ സ്വര്‍ണ പണയ വായ്​പയുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇതിലും ഉയരും. എളുപ്പത്തില്‍ ബാങ്കുകളില്‍നിന്ന്​ തുക ലഭിക്കുന്നതിനാല്‍ പ്രധാന വളര്‍ച്ച മേഖലയായി ഇവ മാറുകയും ചെയ്​തു -വിദഗ്​ധര്‍ പറയുന്നു.

നേരത്തേ, പൊതുമേഖല ബാങ്കുകള്‍ സ്വര്‍ണപണയ വായ്​പയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടെ ഇവ കുതിച്ചുയരുകയായിരുന്നു. സ്വര്‍ണപണയ വായ്​പ ഉയര്‍ന്നപ്പോഴും മറ്റു വായ്​പകള്‍ ഇഴയുകയായിരുന്നുവെന്നാണ്​ കണക്കുകള്‍. 2021 മേയില്‍ മറ്റു വായ്​പകള്‍ 5.9 ശതമാനമായി കുറഞ്ഞു. 2020 മേയില്‍ ഇത്​ 6.1 ശതമാനമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയില്‍ റോക്കറ്റുപോലെയാണ്​ സ്വര്‍ണ വായ്​പ കുതിച്ചുയര്‍ന്നത്​. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 465 ശതമാനമാണ്​ സ്വര്‍ണ വായ്​പയുടെ ഉയര്‍ച്ച​. അതായത്​ 20,987 കോടി രൂപ. അടിസ്​ഥാന മേഖലയിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ്​ സ്വര്‍ണ വായ്​പ ഉയരാനുള്ള പ്രധാന കാരണം, കാര്‍ഷിക മേഖലകള്‍, കുറഞ്ഞ വരുമാനമുള്ളവര്‍, ചെറുകിട യൂനിറ്റുകള്‍ തുടങ്ങിയവര്‍ പണഞ്ഞെരുക്കത്തില്‍പ്പെട്ട്​ സ്വര്‍ണവായ്​പക്ക്​ നിര്‍ബന്ധിതരാകുകയായിരുന്നു. എസ്​.ബി.ഐയില്‍ സ്വര്‍ണവായ്​പക്ക്​ 7.50 ശതമാനമാണ്​ പലിശ. വായ്​പ തിരി​ച്ചടവില്‍ എന്തെങ്കിലും വീഴ്​ചകള്‍ സംഭവിച്ചാല്‍ ഇൗട്​ നല്‍കിയ സ്വര്‍ണം ഉടന്‍ പിടിച്ചെടുക്കാനും കഴിയുമെന്നതാണ്​ ബാങ്കുകള്‍ ഇൗ മേഖലയില്‍ ശ്രദ്ധ ഉൗന്നാന്‍ പ്രധാന കാരണവും.

prp

Leave a Reply

*