കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. സ്ത്രീധനത്തെ ചൊല്ലി ആലുവയില്‍ ഗര്‍ഭിണിക്ക് നേരെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും ക്രൂര മര്‍ദ്ദനം. ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. നാല് മാസം ഗര്‍ഭിണിയാണ് നൗഹത്ത്. മകളെ മര്‍ദിക്കുന്നതു കണ്ട് തടയാന്‍ ശര്മിച്ച നൗഹത്തിന്റെ പിതാവിനും പരിക്കേറ്റു. ഇദ്ദേഹത്തിന്റെ മുഖത്ത് നിന്നും ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവായ ജൗഹര്‍ യുവതിക്ക് നേരെ ആക്രമം നടത്തിയത്. മുന്‍പും ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചിരുന്നു. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നു നൗഹത്തും പിതാവ് സലീമും ആരോപിക്കുന്നു. ജൗഹറിനെതിരായി സലീം പോലീസില്‍ പരാതി നല്കി. പിതാവിന്റെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ജൗഹര്‍, മാതാവ് സുബൈദ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന തുകയെ ചൊല്ലി ഏറെനാളായി നില്ക്കുന്ന തര്‍ക്കം മര്‍ദ്ദനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പോലിസ് പ്രാഥമിക വിവരം നല്‍കുന്നത്. കേസെടുത്തതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

