ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പണഞ്ഞെരുക്കവും അപ്രതീക്ഷിത ചെലവുകളും ജനങ്ങളെ പ്രേരിപ്പിച്ചത് സ്വര്‍ണ വായ്പക്ക്. 2021 മേയില്‍ അവസാനിച്ച 12 മാസത്തിനിടെ എല്ലാ മേഖലയിലും 33.8 ശതമാനത്തിെന്റ ഉയര്‍ന്ന വായ്പ വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയത്.
ഇക്കാലയളവില്‍ ബാങ്കുകളുടെ സ്വര്‍ണ പണയ വായ്പ 15,686 കോടി ഉയര്‍ന്ന് 62,101കോടിയിലെത്തി. 2020 മേയില്‍ ഇത് 46,415 കോടിയായിരുന്നുവെന്നും റിസര്‍വ് ബാങ്കിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിലാണ് രാജ്യത്ത് കോവിഡിെന്റ ആദ്യതരംഗം പിടിമുറക്കുന്നത്. ഇക്കാലയളവ് മുതല്‍ സ്വര്‍ണ വായ്പയില്‍ 86.4 ശതമാനം അഥവാ 33,308 കോടി രൂപ 2021 മേയ് മാസത്തോടെ ഉയര്‍ന്നതായി ആര്.ബി.ഐ പറയുന്നു.
ബാങ്കുകളില്‍ സ്വര്ണവായ്പയിലുണ്ടായ കുതിച്ചുചാട്ടമാണിത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ സ്വര്‍ണ പണയ വായ്പയുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇതിലും ഉയരും. എളുപ്പത്തില്‍ ബാങ്കുകളില്‍നിന്ന് തുക ലഭിക്കുന്നതിനാല്‍ പ്രധാന വളര്‍ച്ച മേഖലയായി ഇവ മാറുകയും ചെയ്തു -വിദഗ്ധര്‍ പറയുന്നു.
നേരത്തേ, പൊതുമേഖല ബാങ്കുകള്‍ സ്വര്‍ണപണയ വായ്പയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഇവ കുതിച്ചുയരുകയായിരുന്നു. സ്വര്‍ണപണയ വായ്പ ഉയര്‍ന്നപ്പോഴും മറ്റു വായ്പകള്‍ ഇഴയുകയായിരുന്നുവെന്നാണ് കണക്കുകള്‍. 2021 മേയില്‍ മറ്റു വായ്പകള്‍ 5.9 ശതമാനമായി കുറഞ്ഞു. 2020 മേയില്‍ ഇത് 6.1 ശതമാനമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയില്‍ റോക്കറ്റുപോലെയാണ് സ്വര്‍ണ വായ്പ കുതിച്ചുയര്‍ന്നത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 465 ശതമാനമാണ് സ്വര്‍ണ വായ്പയുടെ ഉയര്‍ച്ച. അതായത് 20,987 കോടി രൂപ. അടിസ്ഥാന മേഖലയിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് സ്വര്‍ണ വായ്പ ഉയരാനുള്ള പ്രധാന കാരണം, കാര്‍ഷിക മേഖലകള്‍, കുറഞ്ഞ വരുമാനമുള്ളവര്‍, ചെറുകിട യൂനിറ്റുകള്‍ തുടങ്ങിയവര്‍ പണഞ്ഞെരുക്കത്തില്പ്പെട്ട് സ്വര്‍ണവായ്പക്ക് നിര്‍ബന്ധിതരാകുകയായിരുന്നു. എസ്.ബി.ഐയില്‍ സ്വര്‍ണവായ്പക്ക് 7.50 ശതമാനമാണ് പലിശ. വായ്പ തിരിച്ചടവില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ ഇൗട് നല്കിയ സ്വര്‍ണം ഉടന്‍ പിടിച്ചെടുക്കാനും കഴിയുമെന്നതാണ് ബാങ്കുകള്‍ ഇൗ മേഖലയില്‍ ശ്രദ്ധ ഉൗന്നാന്‍ പ്രധാന കാരണവും.

