തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ഇന്ന്‍ മുതല്‍ വില കുറയും. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു 200 ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ജിഎസ്ടി കുറച്ചത് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണിത്.
11നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു ചില ഉല്‍പ്പനങ്ങള്‍ക്കും നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. എല്ലാ റെസ്റ്റോറന്‍റുകളും നവംബര്‍ 15 മുതല്‍ അഞ്ചു ശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഭക്ഷണവിലയില്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
നേരത്തേ നികുതിയടക്കം 500 രൂപയ്ക്ക് എസി റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഇനി 444 രൂപയും എസിയില്ലാത്ത റെസ്റ്റോറന്‍റില്‍ നിന്ന് നേരത്തേ 500 രൂപയ്ക്ക് ഭക്ഷണം കഴിച്ചിരുന്നവര്‍ക്ക് 468 രൂപയും മാത്രമേ ഇനി ചെലവാകുകയുള്ളൂ.
അതേസമയം നികുതി ഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ അഞ്ചു ശതമാനമാക്കി കുറച്ച നികുതി ഇനിയും കുറച്ച് രണ്ടു ശതമാനമാക്കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം.
