മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്‌എസ് എസ് വിദ്യാര്‍ഥികളാണു മരിച്ചത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചില വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം.
വഴിക്കടവിനു സമീപം മണിമൂളിയില്‍ രാവിലെ ഒമ്പതുമണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കര്‍ണാടകയില്‍നിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. പിന്നീട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ലോറി നിന്നത്. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.
മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം.
