‘ഏറെ പറയാനുണ്ട് സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെപ്പറ്റി’;​ വൈറലായി നടിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: ഒരു സാധാരണ രാഷ്‌ട്രീയ നേതാവിനെ വിമര്‍ശിക്കുന്നതു പോലെ സുരേഷ് ഗോപിയെ വിമര്‍ശിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ. സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയെടുത്ത്‌ സമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്നയാളാണ് സുരേഷ് ഗോപിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

‘രണ്ടുമൂന്ന് ദിവസമായി ആകെ മനപ്രയാസമാണ്. ആ കുഞ്ഞുമോന്‍ എപ്പോഴും കണ്‍മുന്നില്‍. പിന്നെ സ്‌നേഹിച്ച്‌ കൂടെ നിര്‍ത്തുന്നവര്‍ തരുന്ന മുറിവുകള്‍ (അതു വര്‍ഷങ്ങളായി എന്‍റെ ഒരു ശാപമാണ്, ആരെ സ്‌നേഹിച്ച്‌ ആത്മാര്‍ത്ഥതയോടെ നിന്നാലും മൂന്നിന്‍റെ അന്ന് പണി ഉറപ്പാണ്, അതിനാല്‍ ഇത്തവണ ഷോക്ക് ആയില്ല) ഈ പോസിറ്റിവിറ്റി നമ്മള്‍ ഉണ്ടാക്കുന്നതല്ലേ? അങ്ങനെ എങ്കില്‍ പോസിറ്റീവ് ആയ ചിലത് നിങ്ങളോട് പറയാം എന്നങ്ങ് കരുതി. അപ്പോ തുടങ്ങാം.

തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് വര്‍ഷങ്ങളോളം ഞങ്ങള്‍ സുരേഷേട്ടന്‍റെ (സുരേഷ് ഗോപി ) അയല്‍ക്കാര്‍ ആയിരുന്നു. അന്ന് ചേട്ടന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. എന്‍റെ അമ്മയുടെ (ഹസ്ബന്‍ഡിന്‍റെ അമ്മ )കൂട്ടുകാരി ആണ് ഗ്ലാഡിസ് ആന്‍റി. ആന്‍റിയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. മക്കള്‍ ഇല്ല. ഒത്തിരി അസുഖങ്ങളും ഉണ്ട്. ഒറ്റയ്ക്ക് ഒരു വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്ബോ ആന്റി ഞങ്ങളുടെ വീട്ടിലേക്കു വരും. ആന്‍റി വന്നില്ലെങ്കില്‍ മൂന്നാമത്തെ ദിവസം അമ്മ അങ്ങോട്ട് പോകും. ലാസ്റ്റ് ആന്‍റി വന്നപ്പോ കാലില്‍ നല്ല നീരുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്. അമ്മ ആശുപത്രിയില്‍ പോവാന്ന് പറഞ്ഞ് നോക്കി. ആന്‍റി സമ്മതിക്കുന്നില്ല.

രണ്ടു ദിവസം കഴിഞ്ഞു ആന്‍റി വന്നിട്ട്. അമ്മ അങ്ങോട്ട് അന്വേഷിച്ചു പോയി. വീട് അടച്ചിട്ടിരിക്കുന്നു. അയല്‍പ്പക്കത്ത് ചോദിച്ചു. ഒരു വിവരവും ഇല്ല. അമ്മക്ക് ടെന്‍ഷന്‍ ആയി. അമ്മയോട് പറയാതെ എങ്ങും പോകാറില്ല. വൈകിട്ട് എന്‍റെ ഭര്‍ത്താവിനെ കൂട്ടി വീണ്ടും അവിടെ പോയി. ആളില്ല, വീട് പൂട്ടി തന്നെ. പിറ്റേ ദിവസങ്ങളില്‍ എല്ലാം എന്‍റെ ഹസ്ബന്‍ഡോ അമ്മയോ ആ വീട്ടില്‍ അന്വേഷിച്ചു പോയി. ആ കുഞ്ഞു വീട് അടഞ്ഞു കിടന്നു. ആര്‍ക്കും ഒരു വിവരവും അറിയില്ല.

മൂന്നാഴ്ച കഴിഞ്ഞു. ആന്‍റി എവിടെ പോയി എന്ത് സംഭവിച്ചു എന്ന ടെന്‍ഷനില്‍ ഇരിക്കുമ്പോള്‍ ഒരു ഓട്ടോയില്‍ ആന്‍റി വന്നിറങ്ങി. ഞങ്ങള്‍ എന്നും വീട്ടില്‍ ചെല്ലുമായിരുന്നു എന്ന് അറിഞ്ഞിട്ട് വന്നിരിക്കുകയാണ്. ഈ മൂന്നാഴ്ചയും ആന്‍റി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞങ്ങള്‍ വിഷമിച്ചു പോയി. ആരെ എങ്കിലും വിട്ടോ ഫോണിലോ ഒന്നു അറിയിക്കായിരുന്നില്ലേ? ഇത്ര ദിവസം ആര് നോക്കി? സുരേഷ് നോക്കി. എന്നും സുരേഷ് വന്ന് എന്നെ കാണും.. ജോലിക്കാരി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണവുമായി ചെല്ലും. കഴുകുവാനുള്ള തുണി സുരേഷേട്ടന്‍റെ വീട്ടില്‍ കൊണ്ടു പോയി കഴുകി കൊണ്ടു വരും. രാത്രിയില്‍ ആന്‍റിയ്ക്ക് ഒപ്പം അവര്‍ ആശുപത്രിയില്‍ ഉറങ്ങും. ബില്ല് അടച്ചതും മരുന്നുകള്‍ വാങ്ങുന്നതുമെല്ലാം സുരേഷേട്ടന്‍. ഞങ്ങളുടെ കണ്ണു നിറഞ്ഞു. ഞങ്ങളും ആന്‍റിയും തമ്മിലുള്ള ബന്ധം ചേട്ടന് അറിയാം. എന്നിട്ടും ഒരു വാക്ക് ഞങ്ങളോട് പറഞ്ഞില്ല.

കോഴിക്കോട് നിന്നും പാലക്കാട് നിന്നും കിഡ്നി രോഗികളായ രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാര്‍ മാസം തോറും ചേട്ടന്റെ വീട്ടില്‍ വരുമായിരുന്നു. സഹായത്തിന്. ഒരു തവണ ഇവര്‍ വന്നപ്പോ ചേട്ടന്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് അത്യാവശ്യമായി സഹായം വേണം. ഒരു മാസത്തെ ചിലവിന് ആവശ്യമുള്ളതെല്ലാം കൊടുക്കുന്നത് ചേട്ടനാണ്. ഒപ്പം ചികിത്സ റിപ്പോര്‍ട്ട് വായിച്ചു നോക്കുകയും ഡോക്ടറോട് സംസാരിക്കുകയുമൊക്കെ ചെയ്യും. ചേട്ടനും കുടുംബവും അവിടെ ഇല്ലാത്തതിനാല്‍ ഇവര്‍ ഞാനും സിനിമാതാരം ആണെന്ന് പറഞ്ഞ് എന്‍റെ വീട്ടില്‍ വന്നു. ചേട്ടന്‍ കൊടുക്കുന്ന അത്രയും പണം ഒറ്റയടിക്ക് എന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ രണ്ടു മൂന്ന് അയല്‍പ്പക്കങ്ങളില്‍ നിന്ന് കൂടി വാങ്ങി (അവരും സഹായിച്ചു )അവര്‍ക്ക് കൊടുത്തു. അവര്‍ പറഞ്ഞാണ് നാളുകളായി അവരെ ചേട്ടന്‍ സഹായിക്കുന്ന വിവരം ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ അമ്ബരന്നു പോയി. കണ്ണു നിറഞ്ഞു പോയി. കയ്യില്‍ പത്തു പൈസ എടുക്കാന്‍ ഇല്ലാത്തപ്പോഴും ചേട്ടന്‍ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ.

പിന്നീടും പലവട്ടം കണ്ടിട്ടുണ്ട്. സഹായം അഭ്യര്‍ത്ഥിച്ച്‌ ആ വീട്ടില്‍ പലരും പോകുന്നതും സന്തോഷം നിറഞ്ഞ മുഖത്തോടെ അവര്‍ മടങ്ങി പോകുന്നതും. അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍, പഠിക്കാന്‍ നിവര്‍ത്തി ഇല്ലാത്തവര്‍, രോഗ ബാധിതര്‍ അങ്ങനെ പലരും. പിന്നീട് കോടിശ്വരന്‍ എന്ന പ്രോഗ്രാം ചെയ്തു. മൂന്നു കോടി രൂപ അദ്ദേഹത്തിന്റെ മക്കള്‍ അനുഭവിക്കേണ്ടത് പലര്‍ക്കും സഹായമായി നല്‍കി. ജീവിതത്തില്‍ ഇന്നേ വരെ ഒരു തരി പൊന്നണിയാത്തവരുടെ ഒരു കുഞ്ഞു സ്വര്‍ണ്ണ മാല എന്ന ആഗ്രഹം പോലും സാധിച്ചു കൊടുത്തു. ഒരു മതിലിനിപ്പുറം ഇരുന്ന് പല സന്തോഷ കണ്ണുനീരിനും ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ക്യാന്‍സര്‍ ബാധിതയായ ഏതു നിമിഷവും മരിച്ചു പോകാം എന്ന നിലയില്‍ ഉണ്ടായിരുന്ന ഒരു മോള്‍ക്ക് അവളുടെ ഒറ്റ മുറിയില്‍ നിന്നും മെച്ചപ്പെട്ട വീട്ടിലേക്ക് മാറാന്‍ ഞാനും ചേട്ടനും ചേട്ടന്‍റെ ഒരു കസിനും ഒരുപാട് പ്രയത്നിച്ചു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അവളെ മാറ്റാന്‍ ആയില്ല. സ്വഛമായ ഒരു മരണം അവള്‍ക്കേകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇനിയും ഏറെ ഉണ്ട് പറയുവാന്‍. സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയെപ്പറ്റി. നല്ല മനുഷ്യനെ പറ്റി. ഞാന്‍ എപ്പോഴും ചേട്ടന്‍ രാഷ്ട്രീയത്തില്‍ വരാന്‍ പറയുമായിരുന്നു.

ശാസ്തമംഗലത്തിന്‍റെ മുത്തേ എന്ന് തമാശയായി വിളിക്കും. അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്ന പോലെ ദയവ് ചെയ്ത് വിമര്‍ശിക്കരുത്. സ്വന്തം പോക്കറ്റില്‍ നിന്നും സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള , ചെയ്യുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിന് നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കില്‍ മാത്രമാണ് ചിലതൊക്കെ ചെയ്യാന്‍ സാധിക്കുക. അതിന് അദ്ദേഹത്തെ സഹായിക്കണം.

ന ബി: ആലോചിച്ചു നോക്കു, അവസാനമായി(ഇലക്ഷന്‍ കാലത്തിനു മുന്‍പ് )നിങ്ങള്‍ ജയിപ്പിച്ചു വിട്ട ജനപ്രതിനിധിയെ നിങ്ങള്‍ കണ്ടത് എപ്പോഴാണ്? നിങ്ങളുടെ ഒരു ആവശ്യം അദ്ദേഹത്തോടു പറയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? കാണാന്‍ കിട്ടുന്നില്ല പിന്നെയാണ് ല്ലേ? സുരേഷേട്ടന്റെ അടുത്ത് നിങ്ങള്‍ക്ക് ഓടി ചെല്ലാം. പരിഹാരം ഉണ്ടാകും. ഉറപ്പ്‌.’

prp

Related posts

Leave a Reply

*