പത്തനംതിട്ട ∙ കേരളത്തിലെ മാധ്യമങ്ങള്‍ വികസനവിരോധികളാണെന്ന വിമര്‍ശനവുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത്. മാധ്യമങ്ങളെ പേടിച്ച് സംസ്ഥാനത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാല്‍ ഒട്ടും പേടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഗെയ്ല്‍ വാതക പൈപ്‌ലൈന്‍, ദേശീയപാത നിര്‍മാണം എന്നിവയിലൊക്കെ, നാലുപേര്‍ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കൊടുമണില്‍ പൊതു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തി ജലീല്‍ രംഗത്തെത്തിയത്.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ എല്ലാ പഞ്ചായത്തുകളിലും രണ്ടു വര്‍ഷം കൊണ്ട് നടപ്പാക്കും. നികുതികള്‍ പൂര്‍ണമായും പിരിച്ചെടുത്ത് പദ്ധതി നിര്‍വഹണത്തിനും വികസനത്തിനും മാറ്റിവെക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
