മകളുടെ മുന്നില്‍ വെച്ച്‌ അച്ഛനെ മര്‍ദ്ദിച്ച സംഭവം: വീഡിയോ ചിത്രീകരിച്ചത് കെഎസ്‌ആര്‍ടിസി‍ ഡ്രൈവറെന്ന് സംശയം, സഹപ്രവര്‍ത്തകരുടെ ഭീഷണി മൂലം സ്ഥലം മാറ്റി

തിരുവനന്തപുരം : കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച്‌ അച്ഛനെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ച്‌ ഡ്രൈവര്‍ക്കെതിരെ ഭീഷണിയുമായി സഹപ്രവര്‍ത്തകര്‍.

ജീവനക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഡ്രൈവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.

കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായിരുന്ന വി.കെ.ശ്രീജിത്തിനെ സ്വന്തം സ്ഥലമായ കോഴിക്കേട്ടേയാക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന വിധത്തിലാണ് നടപടി. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്കു മുന്നില്‍വെച്ച്‌ അച്ഛനെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ശ്രീജിത്തിനെതിരേ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു.

‘മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മര്‍ദിക്കുന്നതെന്ന്’ ശ്രീജിത്ത് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതാണ് വീഡിയോ ചിത്രീകരിച്ചത് ശ്രീജിത്താണെന്ന വിധത്തില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉയര്‍ന്നതോടെ ശ്രീജിത്ത് സ്ഥലം മാറ്റത്തിനായി അധികൃതരെ സമീപിക്കുകയായിരുന്നു.

അതേസമയം അച്ഛനെയുംമകളെയും മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണ്. അതിനാല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. മര്‍ദ്ദിച്ച സംഘത്തിലുള്‍പ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ഒളിവില്‍ കഴിയുന്ന പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇവരെ സമ്മര്‍ദ്ദം ചെലുത്തി കീഴടക്കാനാണ് പോലീസിന്റെ ശ്രമം. പ്രതികള്‍ക്കെതിരെ എസ്‌ഇ/എസ്ടി അതിക്രമ നിയമം നിലനില്‍ക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമപദേശം.

prp

Leave a Reply

*