തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി ജീവനക്കാര്‍ പണിമുടക്കും. സര്‍ക്കാര്‍ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിര്‍ത്തിവച്ചതിലും, ശമ്പളവും പെന്‍ഷനും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരം. ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡിഎ കുടിശിക നല്‍കേണ്ടെന്നു കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചതാണ് തൊഴിലാളികളെ സമരം നടത്താന്‍ പ്രകോപിപ്പിച്ചത്. ക്ഷാമബത്ത മരവിപ്പിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ സീഐടിയുവിന്‍റെ നേതൃത്വത്തിലുള്ള സംഘടന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം വളരെ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, എഐടിയുസി നേതൃത്വം നൽകുന്ന സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, ബിഎംഎസിന്‍റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേര്‍സ് യൂണിയനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.


