കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം.
ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. 43 പേരടങ്ങുന്ന കരോള്‍ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം.
പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്. പരിസരത്തെ നാലു വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി.
