കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി റെയില്‍വേ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി.

വര്‍ത്തമാനം പത്രത്തിന്റെ എഡിറ്റര്‍ ആസിഫ് അലി വികെയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടേക്ക് പോവാന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകനെ പൊലീസ് തടഞ്ഞത്. ഐഡി കാര്‍ഡ് ആവശ്യപ്പെട്ട പൊലീസ് തന്നെ ബലമായി പിടിച്ച്‌ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയെന്നും രഞ്ജു ആര്‍എസ് എന്ന സബ് ഇന്‍സ്‌പെക്ടറും നാലോളം പൊലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

അക്രമം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച കൈ പിടിച്ച്‌ ഞെരിച്ച്‌ ഫോണ്‍ നിലത്തെറിഞ്ഞു. മാധ്യമപ്രവര്‍ത്തകനാണെന്ന ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ സംഭവം പുറത്തു പറഞ്ഞാല്‍ തീര്‍ത്തു കളയുമെന്ന് വധ ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.

പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിങ്ങനെ,

ഇന്ന് (10.05.2022) ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിന്‍ കയറാന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ എന്നെ VISAKH V G എന്ന സിവില്‍ പോലീസുകാരന്‍ തടഞ്ഞു നിര്‍ത്തി. ട്രെയിന്‍ കയറാന്‍ ധൃതിയില്‍ ലഗേജുകളുമായി നടക്കുന്ന ഞാന്‍ കാര്യമറിയാതെ അമ്ബരന്നു. വളരെ അപമര്യാദയില്‍ പോലീസുകാരന്‍ ഐ ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്ബോള്‍ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍”എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട്‌ ഇവിടെ നില്‍ക്കുന്നതെന്ന്” പറഞ്ഞ്‌ മറ്റു യാത്രക്കാരുടെ മുന്നില്‍ വെച്ച്‌ അപമാനിച്ചു.

അതിനു ശേഷം എന്നെ ബലമായി റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി. VISHAKH V G ഫോണില്‍ വിളിച്ചു പറഞ്ഞത് പ്രകാരം സ്റ്റേഷന്‍ കവാടത്തില്‍ രഞ്ജു ആര്‍ എസ്‌ എന്ന സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലോളം പോലീസുകാര്‍ എന്നെ കൊണ്ടുവരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്ത് വെച്ച്‌ തന്നെ രഞ്ജു ആര്‍ എസ്‌ എന്ന സബ് ഇന്‍സ്‌പെക്ടര്‍ എന്റെ കോളറില്‍ കയറിപ്പിടിച്ച്‌ ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തി. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച കൈ പിടിച്ച്‌ ഞെരിച്ച്‌ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന ഐഡി (editor , VARTHAMANAM DAILY ) ബാഗില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറി വിളികള്‍.

കേരളാ ഗവണ്‍മെന്‍റ് നല്‍കിയ ഐഡിയാണെന്നും ഈ കാണിക്കുന്ന atrocity ഞാന്‍ കംപ്ലയിന്‍റ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് വധഭീഷണി മുഴക്കി. എനിക്ക് ട്രെയിന്‍ മിസ്സാവുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ബോംബ് വെക്കാന്‍ പോകുന്നയാളാണോ എന്നൊക്കെ പരിശോദിച്ചിട്ട്‌ വിടാം എന്ന് പറഞ്ഞ്‌ ബാഗൊക്കെ തുറന്നു നോക്കി. entry ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്ബില്‍ ഇരുന്ന ഉദ്യോഗസ്ഥനോട്‌ രഞ്ജു ആര്‍ എസ്‌ എന്ന സബ് ഇസ്പെക്ടര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

കഴുത്തില്‍ ബലമായി പിടിച്ചു വെച്ചതു കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. Xray എടുക്കുകയും , ഡോകടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുകയും ചെയ്തു. ജോലിയുടെ ഭാഗമായുള്ള എന്റെ യാത്ര മുടങ്ങി. നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ വെച്ച്‌ ഞാന്‍ അപമാനിതനായി. രഞ്ജു ആര്‍ എസ്‌ എന്ന സബ് ഇസ്പെക്ടര്‍ VISAKH V G എന്ന പോലീസുകാരന്‍ പറഞ്ഞതു പ്രകാരം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തി എന്‍റെ ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു.

പോലീസെന്ന അധികാരം ഉപയോഗിച്ച്‌ എന്നെ ഉപദ്രവിക്കുകയും അസഭ്യവര്‍ഷം നടത്തുകയും എന്റെ തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി എന്നെ തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇന്‍സ്പെക്ടര്‍ രഞ്ജു , VISAKH V G എന്ന പോലീസുകാര്‍ക്കും അവരോടൊപ്പം എന്നെ തെറിവിളിച്ച്‌ തടഞ്ഞു നിര്‍ത്തിയ സ്റ്റേഷനില്‍ യൂണിഫോമിലും അല്ലാതെയും നിന്ന പോലീസുകാര്‍ക്കും എതിരെ നടപടി എടുക്കണമെന്നും എനിക്ക് നീതി ലഭ്യമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

prp

Leave a Reply

*