കോടിയേരി ബാലകൃഷ്‌ണന്‍ വര്‍ഗീയത ഇളക്കിവിടുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വര്‍ഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ മകന്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് കോടിയേരി വര്‍ഗീയത ഇളക്കിവിടാന്‍ തുടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ജലീല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നാറിപ്പുഴുത്ത് പുറത്താകുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പച്ചയ്‌ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചു. ജനങ്ങളെ ഒരുമിച്ച്‌ നിര്‍ത്തേണ്ട മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിനു വഴി തെളിക്കുന്നു. വര്‍ഗീയത ഇളക്കിവിട്ട് ബിജെപിയെ സഹായിക്കുകയാണ് കോടിയേരി ഇപ്പോള്‍ ചെയ്യുന്നത്. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ കേസ് അട്ടിമറിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ഇതെല്ലാം മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന് മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്താനുള്ള വര്‍ഗീയ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നതെന്നും ശബരിമലയില്‍ നിന്ന് സിപിഎം പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുകേസില്‍ ജാതികാര്‍ഡ് ഉപയോഗിച്ച്‌ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയതയാണ് സിപിഎം പറയുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് നടത്തുന്നതെന്ന് കോടിയേരി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് ജനപിന്തുണയില്ല. പ്രതിഷേധങ്ങള്‍ ഗൂണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോകുകയാണെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്‌എസ് അജണ്ടയ്‌ക്കൊപ്പം ലീഗ് നിലകൊള്ളുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുര്‍ആന്‍ വിതരണം തെറ്റാണെന്ന തരത്തില്‍ ആര്‍എസ്‌എസും ബിജെപിയും പ്രചാരണം നടത്തുമ്ബോള്‍ ലീഗ് അതിനൊപ്പം ചേരുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുര്‍ആന്‍ നിരോധിച്ച പുസ്തകമോണോ എന്നും ഖുര്‍ആന്‍ കൊടുക്കുന്നത് നിയവിരുദ്ധമാണോ എന്നും കോടിയേരി പത്രസമ്മേളനത്തിലൂടെ ചോദിച്ചു. കോണ്‍ഗ്രസ് ആര്‍എസ്‌എസ് പ്രചാരണത്തിനൊപ്പം ചേരുന്നത് എന്തിനാണെന്നും കോടിയേരി ആക്ഷേപിച്ചു.

ബിജെപിയല്ല സിപിഎമ്മാണ് ശത്രുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബാബറി മസ്‌ജിദ് പൊളിച്ച ആര്‍എസ്‌എസും ബിജെപിയും ഇപ്പോള്‍ ലീഗിന്റെ ശത്രുവല്ലെന്നാണോ കുഞ്ഞാലിക്കുട്ടി പറയുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ ചോദിച്ചു.

prp

Leave a Reply

*