തിരുവനന്തപുരം
സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ അഴിക്കുള്ളിലാകുമ്ബോള്‍ മഞ്ജുവിനും അഭിമാനമേറെ.
കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ശൂരനാട് സ്റ്റേഷനില്‍ എസ്‌ഐയായിരുന്ന മഞ്ജു വി നായരാണ്. ശിക്ഷയുറപ്പിക്കും വിധത്തില്‍ കിരണ്‍കുമാറിനുമേല്‍ നിയമത്തിന്റെ ആദ്യ പൂട്ടിട്ടത് മഞ്ജുവായിരുന്നു. കേസിന് മേല്‍നോട്ടം വഹിച്ച ദക്ഷിണ മേഖല ഐജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിക്ക് പുറമെ അന്വേഷണ സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയും മഞ്ജുവായിരുന്നു.
2021 ജൂണ്‍ 21ന് രാവിലെ എട്ടിന് ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍നായരും മകന്‍ വിജിത്തും സ്റ്റേഷനിലേക്ക് വന്നത്. ഒരു വര്‍ഷം മുമ്ബ് വിവാഹം ചെയ്തയച്ച മകള്‍ മരിച്ചുവെന്നറിയിക്കാനായിരുന്നു അവര്‍ എത്തിയത്. വിശദമായി അവരുടെ പരാതി കേട്ട് മൊഴി തയ്യാറാക്കിയ മഞ്ജു ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുമ്ബോഴേക്കും വിസ്മയയുടെ മരണം ചാനലുകളില്‍ വലിയ വാര്‍ത്തയായി നിറഞ്ഞു. പകല്‍ ഒന്നരയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. പിന്നീട് തിരുവനന്തപുരത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയതും മഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു.
വിസ്മയയുടെയും കിരണ്‍കുമാറിന്റെയും ബന്ധുക്കളുടെ മൊഴിയെടുത്തതോടെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടെന്ന് വ്യക്തമായി. വിസ്മയയുമായി പ്രശ്നമുണ്ടാക്കാറുണ്ടെന്നും കാറിന്റെ പേരില്‍ തര്‍ക്കമുണ്ടായതായും കിരണിന്റെ അച്ഛന്‍ മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസെടുത്ത ശേഷമാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറിയത്.തുടര്‍ന്നുള്ള അന്വേഷണത്തിലും സജീവമായി മഞ്ജുവുണ്ടായിരുന്നു. അമ്മയുടെയും മറ്റ് ബന്ധുക്കളുടെയുമെല്ലാം മൊഴിയെടുത്തും കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം നിര്‍ണായക ഇടപെടല്‍ നടത്തിയും അന്വേഷണത്തില്‍ സജീവമായി.
താന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഇരയ്ക്ക് നീതിയുറപ്പാക്കുന്ന വിധി വന്നത് സന്തോഷകരമെന്ന് മഞ്ജു. വിവാഹിതരായി ഭര്‍തൃവീട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ ജീവിതം പറിച്ചുനടുന്ന ചെടിക്ക് തുല്യമാണ്. ചിലത് തളിര്‍ക്കും. ചിലത് അതിജീവിക്കാതെ വാടിപ്പോകും. വീട്ടുകാരുടെ നിരന്തര ശ്രദ്ധയും കരുതലുമുണ്ടെങ്കിലേ പെണ്‍കുട്ടിയുടെ ജീവിതം തളിര്‍ക്കൂവെന്ന് മഞ്ജു പറയുന്നു. താങ്ങും തണലുമായി നില്‍ക്കാന്‍ സ്വന്തംവീട്ടുകാരും ഭര്‍തൃവീട്ടുകാരും ഒപ്പമുണ്ടാകണമെന്നും മഞ്ജു പറയുന്നു.എല്‍ഡി ക്ലര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച മഞ്ജു 2018ലാണ് പൊലീസ് സര്‍വീസിലെത്തിയത്. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ മഞ്ജു നിലവില്‍ തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബിയിലാണ്. ഭര്‍ത്താവ് ജയകുമാര്‍ ശബരിമലയില്‍ കരാറുകാരനാണ്. മക്കള്‍: കല്യാണി, ലക്ഷ്മി.

