കൊറോണ വൈറസ്; കേരളത്തിലെ ആദ്യ പരിശോധനാ കേന്ദ്രം ആലപ്പുഴയില്‍, വൈറസിനെ തിരിച്ചറിയാന്‍ സംവിധാനം

ആലപ്പുഴ: അപകടകാരിയായ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള കേരളത്തിലെ ആദ്യ സംവിധാനം ആലപ്പുഴയില്‍ ഒരുങ്ങും. കൊറോണ വൈറസ് പരിശോധന കേന്ദ്രം രണ്ട് ദിവസത്തിനുള്ളില്‍ സജ്ജമാക്കാനാണ് നീക്കം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.

വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹായവും ലഭിക്കും. ഇതനുസരിച്ച്‌ വൈറസിനെ തിരിച്ചറിയാനുള്ള പരിശോധനയാണ് ഇവിടെ നടത്തുക. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സഹായവും വണ്ടാനത്ത് ലഭ്യമാക്കും.

ചിക്കുന്‍ ഗുനിയ, നിപ്പ തുടങ്ങി അടുത്ത കാലത്തായി കേരളത്തെ ബാധിച്ച എല്ലാ വൈറസ് രോഗങ്ങള്‍ക്കും ഉള്ള പരിശോധന സംവിധാനം നിലവില്‍ ഇവിടെയുണ്ട്. ഇതിന് പുറമെയാണ് കൊറോണ വൈറസ് പരിശോധനയ്ക്കുളള സംവിധാനവും ഇവിടെ ഒരുങ്ങുന്നത്. ഇന്ത്യയില്‍ ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കൊറോണ വൈറസ് ബാധിച്ച വുഹാന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ്.

ഈ സാഹചര്യത്തില്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം സഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര പ്രധാന്യത്തോടെയാണ് ആലപ്പുഴയില്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉടന്‍ കേരളത്തില്‍ എത്തും. രാജ്യത്തെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തില്‍ ആയതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

prp

Leave a Reply

*