തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ധനികനായ എം.എല്‍.എ കെ. മുരളീധരനെന്ന് സര്‍വേ ഫലം. ഏഴരക്കോടിയാണ് മുരളീധരന്‍റെ വാര്‍ഷിക വരുമാനം. എന്നാല്‍ ഏറ്റവും ‘ദരിദ്രന്‍’ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനാണ്. 41,000 രൂപ മാത്രമാണ് വി.എസിന്‍റെ വാര്‍ഷിക വരുമാനം.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനമുള്ള കണക്കെടുപ്പാണ് സംഘടന നടത്തിയത്. 157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരില്‍ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി ബാലയാണ് ഏറ്റവും പാവപ്പെട്ട എം.എല്‍.എ. എന്നാല്‍ രാജ്യത്ത് ആകെയുള്ള 4086 എം.എല്‍.എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ല. വരുമാനം വെളിപ്പെടുത്താത്ത 84 എംഎല്‍എമാരുമായി ഇക്കാര്യത്തില്‍ കേരളമാണ് പട്ടികയില്‍ മുന്നില്‍.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് വരുമാനം അധികമുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസിന്‍റെ പഠനത്തില്‍ പറയുന്നു. എട്ടാം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ള 139 എം.എല്‍.എമാരുടെ ശരാശരി വരുമാനം 90 ലക്ഷം രൂപയാണ്. ബിരുദവും ബിരുദാന്ദര ബിരുദവുമുള്ള രണ്ടായിരത്തോളം എം.എല്‍.എമാരുടെ ശരാശരി വരുമാനം 21 ലക്ഷം രൂപയും.
