കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും

കണ്ണൂര്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അനുവദിച്ച സൗജന്യ റേഷന്‍ വിഹിതം ഏറ്റെടുക്കാന്‍ തയാറാകാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക, ഒരാള്‍ക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം രണ്ടു മാസത്തെ അരി വിഹിതം സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന് ദിവസങ്ങള്‍ക്കു മുമ്ബേ കൈമാറി. എന്നാല്‍, ഇടതു-വലതു മുന്നണികള്‍ ഭരിക്കുന്ന സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ അരിക്കുവേണ്ടി ഇതുവരെ അപേക്ഷ നല്‍കിയില്ല; ഏറ്റെടുത്ത് വിതരണം നടത്താന്‍ തയാറായിട്ടുമില്ല.

ഏതാണ്ട് 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കി അരി കൈപ്പറ്റിയത്. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ധൃതി കാണിക്കുകയും അവര്‍ക്കു വേണ്ടി കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെ ആരംഭിച്ചുവെന്ന് അഭിമാനിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പാണ് സൗജന്യ അരിയോട് മുഖംതിരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ കപട സ്‌നേഹമാണ് ഇതുവഴി പുറത്തായത്.

പഞ്ചായത്ത് അധികൃതര്‍ തഹസില്‍ദാര്‍മാര്‍ക്ക് തങ്ങളുടെ ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയും ഇതുപ്രകാരം തഹസില്‍ദാര്‍മാര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് വിതരണത്തിന് നിര്‍ദേശം നല്‍കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍, തദ്ദേശസ്ഥാപന അധികാരികള്‍ അപേക്ഷ നല്‍കാത്തതുകൊണ്ടുതന്നെ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. രണ്ടു മാസത്തേക്കുള്ള 10 കിലോ അരി ഏറ്റെടുത്തിട്ടില്ല.

നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനം വിട്ടുപോയെങ്കിലും മലയോര, ഗ്രാമീണ മേഖലകളിലടക്കം പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അരിയാണ് എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളും വിതരണം ചെയ്യാന്‍ മടിക്കുന്നത്്. ലോക്ഡൗണ്‍ ആരംഭിച്ച കാലം മുതല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റും പണം സമ്ബാദിച്ച്‌ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത സര്‍ക്കാരിനാണ് ഈ വൈമുഖ്യം. പഞ്ചായത്തുകള്‍ താത്പര്യം കാണിക്കാതെ മാറിനില്‍ക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യമാണെന്ന് തൊഴിലാളികളാട് പറയാനുള്ള വൈമനസ്യമാണെന്നും ആരോപണമുയരുന്നു

prp

Leave a Reply

*