കഞ്ചാവ് വേണ്ടവര്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി; നവംബര്‍ ഒന്നുമുതല്‍ വീട്ടുമുറ്റത്ത് ഊബര്‍ ഈറ്റ്സ് എത്തിക്കും

ടൊറന്റോ: ആവശ്യക്കാര്‍ക്ക് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിച്ച്‌ നല്‍കാനൊരുങ്ങി ഊബര്‍ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഇനി മുതല്‍ വീട്ടുപടിക്കല്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്നത്.

ഓണ്‍ലൈനില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‌ലിയുമായി സഹകരിച്ചുകൊണ്ടാണ് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന് കാനഡയിലെ ഊബര്‍ ഈറ്റ്സ് ജനറല്‍ മാനേജര്‍ ലോല കാസിം പറഞ്ഞു.

‘ലീഫ്‌ലി പോലുള്ളവയുമായി സഹകരിച്ച്‌ റീട്ടെയിലര്‍മാരെ കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായിക്കുകയാണ് ഞങ്ങള്‍. ഇതിലൂടെ ടൊറന്റോയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി തന്നെ കഞ്ചാവ് വീട്ടുപടിക്കലെത്തും. കഞ്ചാവ് ഉപയോഗിച്ച ശേഷം ആളുകള്‍ വാഹനം ഓടിച്ച്‌ പോകുന്നത് പോലുള്ള അപകടങ്ങള്‍ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ നിയമവിരുദ്ധമായ കഞ്ചാവ് വില്‍പ്പന തടയാനും സഹായിക്കും.’- ലോല കാസിം പറഞ്ഞു.

നവംബര്‍ ഒന്നുമുതലാണ് ഊബര്‍ ഈറ്റ്സ് ഈ സേവനം ആരംഭിക്കുക. അതേസമയം, ഓണ്‍ലൈനായി കഞ്ചാവ് വാങ്ങുന്നതിനും അനുമതി വാങ്ങേണ്ടതുണ്ട്. കഞ്ചാവ് വേണമെന്നാഗ്രഹിക്കുന്ന ടൊറോന്റോയിലെ താമസക്കാര്‍ക്ക് ഊബര്‍ ഈറ്റ്സ് ആപ്പ് എടുത്ത ശേഷം എവിടെ നിന്നാണ് കഞ്ചാവ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ആള്‍ക്ക് കുറഞ്ഞത് 19 വയസെങ്കിലും ആകണം.

prp

Leave a Reply

*