ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍.
ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷ വേണമെന്ന് കേരളാ പൊലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ജലന്ധര്‍ രൂപതക്ക് കീഴിലുള്ള അമൃസറില്‍ സേവനം അനുഷ്ഠിക്കുന്ന രണ്ടു വൈദികരുടെ മൊഴികള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു വൈദികന്‍ പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നല്കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്.
ഈ വൈദികനെ ബിഷപ്പിന്‍റെ ദൂതന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പണം ഓഫര്‍ ചെ്തിരുന്നതായും മൊഴി നല്‍കിയതായാണ് അറിയുന്നത്. സഹോദരി ബിഷപ്പിന്‍റെ വഴിവിട്ട പൊരുമാറ്റത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നതായും മൊഴി നല്‍കിയതായി സൂചനയുണ്ട്.

