കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-20 മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ജേക്കബ് തോമസ് ഉടന്‍ ഐഎപിഎസില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ജേക്കബ് തോമസ് ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലാണ്. ഇടതു സര്‍ക്കാരും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും തനിക്കെതിരെ നിലപാട് തുടരുകയാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
ചാലക്കുടിയില്‍ നിലവിലെ എംപി ഇന്നസെന്റാണ് സിപിഎം സ്ഥാനാര്‍ത്ഥി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടുന്നത്. ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ട്വന്റി-20 നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കിറ്റെക്സ് ഗ്രൂപ്പിന്റെ എംഡിയും ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു ജേക്കബിനെ ചുമതലപ്പെടുത്തിയിരുന്നു.
