ഐപിഎല്ലില്‍ എടുക്കാത്തവര്‍ക്ക് മറുപടി; അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീശാന്ത്

ഐപിഎല്‍ താരലേലത്തില്‍ തന്നെ ഒഴിവാക്കിയ ഫ്രാഞ്ചൈസികള്‍ക്ക് ബോളുകൊണ്ട് മറുപടി നല്‍കി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ശ്രീശാന്ത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് കേരളത്തിനായി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തര്‍പ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തര്‍പ്രദേശിന്റെ അഞ്ച് വിക്കറ്റുകള്‍ ശ്രീ വീഴ്‌ത്തിയത്. 9.3 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശിന്റെ ഇന്നിങ്സ് 49.4 ഓവറില്‍ 283 ന് അവസാനിച്ചു.

ഉത്തര്‍പ്രദേശ് ഓപ്പണര്‍ അഭിഷേക് ഗോസ്വാമി (63 പന്തില്‍ 54​റണ്‍സ്), അക്ഷ്‌ദീപ് നാഥ് (60 പന്തില്‍ 68) എന്നിവരുടെ ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം മത്സരമാണ് ഇത്. രണ്ട് കളിയില്‍ നിന്നുമായി ശ്രീശാന്തിന് ഏഴ് വിക്കറ്റുണ്ട്. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

2021 ഐപിഎല്‍ താരലേലത്തില്‍ ശ്രീശാന്തിനെ ആരും സ്വന്തമാക്കിയില്ല. 75 ലക്ഷമായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാനവില. ആരും ലേലത്തില്‍ എടുക്കാതിരുന്നത് തന്നെ നിരാശപ്പെടുത്തിയെന്നും എന്നാല്‍ തിരിച്ചുവരവ് നടത്തുമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഐപിഎല്ലിലെ തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കാന്‍ തനിക്കു സാധിക്കുമെന്നും താരം പറഞ്ഞു.

prp

Leave a Reply

*