IPL 2021 PBKS vs CSK: ജയിക്കാന്‍ ധോണിപ്പട, തോല്‍ക്കാതിരിക്കാന്‍ രാഹുലിന്റെ പഞ്ചാബും

രണ്ടാം മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയത്തിലറങ്ങുന്ന എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആഗ്രഹിക്കാനില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം എന്നറിയപ്പെടുന്ന ധോണിയുടെ മഞ്ഞപ്പടയ്ക്ക് എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. മറുവശത്ത് രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന ഓവറില്‍ നാല് റണ്‍സിന്റെ വിജയം നേടി എത്തുന്ന രാഹുലും കൂട്ടരും അല്പം ആത്മവിശ്വാസത്തിലാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ചെന്നൈ തോല്‍വി ഏറ്റുവാങ്ങിയത്. ഡല്‍ഹിയുടെ ഓപ്പണിങ് ബാറ്റ്‌സമാന്മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും ആദ്യ മത്സരത്തില്‍ ചെന്നൈ ബോളര്‍മാരെ കാര്യമായി കൈകാര്യം ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടോടെ ഡല്‍ഹിയെ വിജയത്തിലേക്ക് എത്തിക്കുകയിരുന്നു. മത്സരത്തില്‍ ചെന്നൈയുടെ മുന്‍ നിര ബോളര്‍മാരായ ദീപക് ചഹാര്‍, ശാര്‍ദൂല്‍ താക്കൂര്‍, ജഡേജ, സാം കരണ്‍ ഉള്‍പ്പടെ എല്ലാവരും നന്നായി റണ്‍സ് വഴങ്ങി.

മറുവശത്തു പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്സിനോട് അവസാന ഓവറില്‍ നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ക്യാപ്റ്റന്‍ രാഹുലിന്റെ 50 ബോളില്‍ 91 റണ്‍സിന്റെയും ദീപക് ഹൂഡയുടെ 28 ബോളില്‍ 64 റണ്‍സിന്റെയും ഗെയ്‌ലിന്റെ 40 റണ്‍സിന്റെയും പിന്‍ബലത്തില്‍ 221 റണ്‍സെന്ന ബേധപ്പെട്ട സ്കോര്‍ നേടിയിരുന്നു.

ചെന്നൈയെ പോലെ തന്നെ ബോളിങിലാണ് പഞ്ചാബിന്റെയും ആശങ്കകള്‍. ഒപ്പം ഫീല്‍ഡിങ്ങും ടീമിന് തലവേദനയാണ്. മൂന്നിലധികം ക്യാച്ചുകളാണ് രാഹുല്‍ ഉള്‍പ്പടെ കഴിഞ്ഞ കളിയില്‍ നിലത്തിട്ടത്. പഞ്ചാബിന്റെ ബോളിങ് നിരയില്‍, മൂന്ന് വിക്കറ്റ് നേടുകയും അവസാന ഓവറില്‍ പഞ്ചാബിന് ജയം സമ്മാനിക്കുകയും ചെയ്ത ആര്‍ഷദീപ് സിങും, മുഹമ്മദ് ഷമ്മിയും മാത്രമാണ് കഴിഞ്ഞ കളിയില്‍ അല്പമെങ്കിലും നന്നായി ബോള്‍ ചെയ്തത്. പഞ്ചാബ് 22 കോടിയോളം നല്‍കി ഈ സീസണില്‍ സ്വന്തമാക്കിയ വിദേശ താരങ്ങളായ റിച്ചാര്‍ഡ്സണും റിലേ മെറീഡിതും കാര്യമായി റണ്‍സ് വിട്ടു കൊടുക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്സില്‍ മഞ്ഞു വീഴാന്‍ സാധ്യതയുള്ള വാങ്കഡെയില്‍ ടോസ് ലഭിക്കുന്ന ടീം ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

സാധ്യത ടീം

പഞ്ചാബ് കിങ്‌സ്

കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ദന്‍, ജെ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, ആര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി, റോബിന്‍ ഉത്തപ്പ, ഫാഫ് ഡു പ്ലെസിസ്, അമ്ബാട്ടി റായിഡു, സുരേഷ് റെയ്ന, മൊയീന്‍ അലി, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹാര്‍

prp

Leave a Reply

*