ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച്‌ മകന്‍ മിഖായേല്‍

മുംബൈ: മക്കളല്ലെന്ന് ആരേയും അറിയിക്കാതിരിക്കാന്‍ മദ്യം കഴിപ്പിച്ചു, തലമൊട്ടയടിച്ചു, ലഹരി കുത്തിവെച്ചു, മനോരോഗിയാക്കാന്‍ ശ്രമിച്ചു, കോടതിയില്‍ ഇന്ദ്രാണിക്കെതിരെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തി മകന്‍ മിഖൈല്‍. ഉന്നത പദവിയിലിരിക്കുന്ന തനിക്ക് ഇങ്ങനെ രണ്ട് മക്കള്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് തന്‍റെ അന്തസ്സിന് കോട്ടം സംഭവിക്കുമെന്നാണ് ഇന്ദ്രാണി മക്കളോട് പറഞ്ഞത്.
കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഇന്ദ്രാണി മുഖര്‍ജി തന്നെ മനോരോഗിയാക്കാന്‍ ശ്രമിച്ചെന്നാണ് അവരുടെ മറ്റൊരു ബന്ധത്തിലുള്ള മകന്‍ മിഖൈല്‍ ബോറ(28)യുടെ വെളിപ്പെടുത്തല്‍. മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിലാണ് തന്നെ പ്രവേശിപ്പിച്ചതെന്നും സിബിഐ കോടതിയില്‍ നല്‍കിയ മൊഴിയില്‍ മിഖൈല്‍ പറയുന്നു.

ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്നു മിഖൈല്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കാതിരിക്കാനായിരുന്നു ഇത്. നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടു പോലും ഷീന തന്റെ അനുജത്തിയാണെന്നാണ് ഇന്ദ്രാണി ധരിപ്പിച്ചിരുന്നത്.

പ്രോസിക്യൂഷന്‍ സാക്ഷിയായാണ് മിഖൈല്‍ കോടതിയില്‍ ഹാജരായത്. ഷീന ബോറയെ വധിച്ചകേസില്‍ പ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി. പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് മറ്റു പ്രതികള്‍. കോടതിയില്‍ രണ്ടാം സാക്ഷിയായി എത്തിയ മിഖൈല്‍ തന്റെ ബാല്യം, സ്‌കൂള്‍ പഠനകാലം, മാതാവ് ഇന്ദ്രാണിയെ കാണാനായി ഇടയ്ക്കിടെ മുംബൈയിലേക്കുള്ള വരവ് എന്നിവ വിവരിക്കവേയാണ് മനോരോഗ ചികിത്സ നടത്തിയ കാര്യവും വെളിപ്പെടുത്തിയത്.

ഇന്ദ്രാണിയും സിദ്ധാര്‍ഥ് ദാസുമാണ് തന്‍റെ മാതാപിതാക്കളെങ്കിലും താന്‍ വളര്‍ന്നത് മുത്തച്ഛനും മുത്തശ്ശിയുമായ ഉപേന്ദ്ര, ദുര്‍ഗാറാണി എന്നിവര്‍ക്കൊപ്പമാണെന്നും മിഖൈല്‍ പറഞ്ഞു. ബാല്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കവേ, ഇരുവരും തമ്മില്‍ എന്തോ കാര്യത്തിനു വഴക്കിട്ടു വീട്ടില്‍ നിന്നുപോയി. തന്നെയും സഹോദരിയേയും വാടക വീട്ടില്‍ ഒറ്റയ്ക്കാക്കിയാണ് ഇരുവരും സ്ഥലംവിട്ടത്.

തുടര്‍ന്ന് വാടകവീട്ടില്‍ ഒറ്റയ്ക്കായ തന്നെയും സഹോദരി ഷീനയെയും വീട്ടു ജോലിക്കാരി അമ്മയുടെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു. അതിനുശേഷം മിഖൈലിന്‍റെയും ഷീനയുടെയും ജനന സര്‍ട്ടിഫിക്കറ്റ് ഇന്ദ്രാണി തിരുത്തി. ഇന്ദ്രാണിയുടെ മാതാപിതാക്കളാണ് ഇരുവരുടെയും ശരിക്കുള്ള രക്ഷിതാക്കള്‍ എന്നായിരുന്നു ആ തിരുത്തല്‍. സ്‌കൂള്‍ പ്രവേശനത്തിന് ഇതുപകരിക്കുമെന്നാണ് ഇന്ദ്രാണി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇന്ദ്രാണി ആ വഴിക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.

താനും സഹോദരിയും 9, 10 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഇന്ദ്രാണി മുംബൈയിലെ പീറ്ററിനെ വിവാഹം കഴിച്ചെന്ന വാര്‍ത്തവന്നിരുന്നു. തുടര്‍ന്ന് മുത്തച്ഛന്‍ അഡ്രസ് കണ്ടെത്തി ഫോണില്‍ ഇന്ദ്രാണിയുമായി ബന്ധപ്പെട്ടു. തിരിച്ചു വിളിച്ച ഇന്ദ്രാണി, മക്കളെ കൊല്‍ക്കത്തയിലെ ഹോട്ടലിലേക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ചു. സമൂഹത്തില്‍ തനിക്ക് വലിയ പദവിയാണെന്നും മക്കളാണെന്നു പറയരുതെന്നും സഹോദരങ്ങള്‍ ആണെന്നേ പറയാവൂ എന്നും പറഞ്ഞ ഇന്ദ്രാണി സാമ്പത്തികമായി സഹായിക്കാമെന്നും അറിയിച്ചു.

ഇതിനിടെ, മിഖൈലിനെ ബംഗളൂരുവില്‍ പഠിപ്പിക്കാന്‍ വിട്ടു. അവിടെ പഠനം ശരിയാകുന്നില്ലെന്നു പറഞ്ഞപ്പോള്‍ മുംബൈയ്ക്കു വിളിപ്പിച്ചു. ഐഎന്‍എക്‌സിന്റെ ഓഫിസില്‍ കൂട്ടിക്കൊണ്ടു പോയി. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും അവിടെയുണ്ടായിരുന്നു. ഖന്നയോട് ക്ലൈന്റ് എന്നാണ് പരിചയപ്പെടുത്തിയതെന്നും മിഖൈല്‍ പറഞ്ഞു. ഇന്ദ്രാണിയുടെ നിര്‍ദേശപ്രകാരം ഖന്ന തന്നെ അന്നുരാത്രി ഡിസ്‌കോയില്‍ കൊണ്ടു പോയി. മദ്യപിക്കാറില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌ മദ്യപിപ്പിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ഏതോ മുറിയില്‍ കൈയും കാലും കെട്ടിയ നിലയിലായിരുന്നു. തലമൊട്ടയടിച്ചിരുന്നു. താന്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു ജീവനക്കാര്‍ മര്‍ദിച്ചു.

അവര്‍ എന്തോ കുത്തിവച്ചപ്പോള്‍ വീണ്ടും മയങ്ങിവീണു. ലഹരിമരുന്നിന് അടിമയെന്നു പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഒരിക്കല്‍പ്പോലും ലഹരിമരുന്ന് കഴിച്ചിട്ടില്ലെന്നും മിഖൈല്‍ കോടതിയില്‍ മൊഴി നല്‍കി. ഷോക്കടിപ്പിക്കല്‍ അടക്കം പല ക്രൂരതകളും തന്നോട് കാട്ടി. എന്നാല്‍ എല്ലാ കാര്യങ്ങളും കോടതിയില്‍ വെളിപ്പെടുത്താനാകാത്തതാണെന്നും മിഖൈല്‍ പറഞ്ഞു.

prp

Related posts

Leave a Reply

*