ഡല്‍ഹി: ഉസ്‌ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ് സി ഒ) ഉച്ചകോടിയില്‍ ഭാരതത്തിന്റെ വളര്‍ച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ്. 70,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെയും 100 യൂണികോണുകളുടെയും രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.
എസ് സി ഒ ഉച്ചകോടിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ഓരോ വളര്‍ച്ചയും ചൂണ്ടിക്കാണിച്ചു. ലോകം കൊറോണ മഹാമാരിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധികളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വിതരണ ശൃംഖലയില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ എസ് സി ഒയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ത്യയെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ജനകേന്ദ്രീകൃത വികസന മാതൃകയിലും സാങ്കേതിക കാര്യക്ഷമതയിലും ഭാരത സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. രാജ്യത്തെ കൂടുതല്‍ നവീകരിക്കുന്നതിന് താന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളില്‍ ഒന്നായതിലും, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്‌വ്യവസ്ഥ ആയതിലും തനിക്ക് സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി എസ് സി ഒ ഉച്ചകോടിയില്‍ പറഞ്ഞു. എസ്‌സിഒ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സഹകരണവും ആവശ്യമാണ്. പരസ്പരം യാത്ര ചെയ്യാനുള്ള അവകാശം തമ്മില്‍ നല്‍കുമ്ബോള്‍ മികച്ച ബന്ധം ഉടലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

