ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ലഭിച്ച പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസയച്ചു. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
പ്രവാചകനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഐപിസി സെക്ഷന്‍ 295എ, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി ഒമര്‍ ലുലുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റുകയായിരുന്നു.
ഇതിനോടകം മൂന്ന് പരാതികളാണ് കേരളത്തിന് പുറത്ത് ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദിലും മുംബൈയിലും ഉള്ള മുസ്ലിം സംഘടനകളില്‍പ്പെട്ട ചിലര്‍ പരാതി നല്‍കിയതിന് പുറമെ ഇപ്പോള്‍ മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനില്‍ പാട്ടിനെതിരെ ജന ജാഗരണ്‍ സമിതിയുടെ പരാതിയും ലഭിച്ചിട്ടുണ്ട്.
സംവിധായകന്‍ ഒമര്‍ ലുലു, നായിക പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ എന്നിവര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത് എന്നാണ് വിവരം.