ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ്. സംവിധായകന് കരണ്‍ ജോഹറാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഇത് ചരിത്രപരമായ വിധി. വളരെ അഭിമാനം തോന്നുന്നു. സെക്ഷന്‍ 377 റദ്ദാക്കാനുള്ള തീരുമാനം സമത്വവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയിരിക്കുന്നു’ എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്.
താന്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യ ഇതാണ് എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. വിദ്വേഷമില്ലാത്ത, അസഹിഷ്ണുതയില്ലാത്ത, മനുഷ്യര്‍ മനുഷ്യരെ ഭയക്കാത്ത ഇന്ത്യയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും സോനം. എല്ലാവര്ക്കും തുല്യഅവകാശം എന്നതില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ചരിത്രപരമാണ് ഇന്നത്തെ വിധിയെന്ന് ആമിര്‍ ഖാന് പ്രതികരിച്ചു. നിയമവ്യവസ്ഥ കടമ നിര്‍വഹിച്ചിരിക്കുന്നു. ഇനി നമ്മുടെ ഊഴമാണ് എന്നാണ് ആമിര്‍ ഖാന് ട്വീറ്റ് ചെയ്യ്തത്.
അഭിഷേക് ബച്ചന്, രണ്‍വീര്‍ സിങ്, ജോണ്‍ എബ്രഹാം, ഫര്ഹാന് അക്തര്‍, അനുഷ്ക ശര്‍മ, കൊങ്കണസെന്‍ ശര്‍മ, സ്വര ഭാസ്കര്‍, പ്രിതി സിന്റ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ വിധിയെ അനുകൂലിച്ച് രംഗത്തെത്തി.
