ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്ത വനിതാ കായികതാരത്തെ മടക്കിവിളിച്ച്‌ ഇറാന്‍; ജയിലില്‍ അടയ്‌ക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാപ്പപേക്ഷയുമായി എല്‍നാസ് റെഖാബി

ടെഹ്‌റാന്‍: ദക്ഷിണകൊറിയയില്‍ നടന്ന കായികമത്സരത്തില്‍ ഹിജാബ് ഇല്ലാതെ പങ്കെടുത്തതിന്റെ പേരില്‍ ഇറാന്‍ മടക്കി വിളിച്ച കായികതാരം മാപ്പപേക്ഷയുമായി രംഗത്ത്.

ക്ലൈംബിങ് വിഭാഗത്തില്‍ നിരവധി രാജ്യാന്തര മെഡലുകള്‍ നേടിയിട്ടുള്ള എല്‍നാസ് റെഖാബിയെ ആണ് മത്സരവേദിയില്‍ നിന്ന് ഇറാന്‍ തിരികെ വിളിച്ചത്. നാട്ടിലെത്തിയാലുടന്‍ ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കുപ്രസിദ്ധമായ എവിന്‍ ജയില്‍ അടയ്‌ക്കുമെന്നായിരുന്നു വിവരം. ഇതിന് പിന്നാലെയാണ് റെഖാബി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവര്‍ ക്ഷമാപണം നടത്തിയത്. സംഭവിച്ചത് മനപ്പൂര്‍വ്വല്ലെന്നാണ് അവര്‍ പറയുന്നത്. എന്റെ നടപടികള്‍ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. കൃത്യസമയത്തല്ലാതെയാണ് മത്സരത്തില്‍ പങ്കെടുക്കാനായി എന്റെ പേര് വിളിച്ചത്. അതേ സമയത്ത് എന്റെ ഹിജാബിനും പ്രശ്‌നമുണ്ടായിരുന്നു. മനപ്പൂര്‍വ്വമല്ല അങ്ങനെ സംഭവിച്ചതെന്നും റെഖാബി പറയുന്നു. റെഖാബി ഉള്‍പ്പെടെ ഉള്ള കായികതാരങ്ങള്‍ സോളിലെ ഹോട്ടലില്‍ നിന്ന് ഇറാനിലേക്ക് മടങ്ങിയിട്ടുണ്ട്. നിശ്ചയിച്ചിരുന്നതിന് ഒരു ദിവസം മുന്‍പെയാണ് ഇവരുടെ മടക്കം. റെഖാബിയുടെ പാസ്‌പോര്‍ട്ടും മൊബൈലും അധികൃതര്‍ പിടിച്ചെടുത്തതായും വിവരമുണ്ട്.

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് റെഖാബി ഹിജാബ് ധരിക്കാതെ മത്സരത്തിനിറങ്ങിയതെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ഇറാന്‍ മടക്കി വിളിച്ചത്. അതേസമയം ഇറാനില്‍ ഇപ്പോഴും ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഇവര്‍ പറയുന്നത്.

prp

Leave a Reply

*