അദാനി ഗ്രൂപ്പിനെയും അതിന്റെ ഓഹരികളെയും ബോണ്ടുകളെയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഒന്നടങ്കം കൂപ്പുകുത്തിച്ചു.
ഈ റിപ്പോര്‍ട്ടിനെതിരേ നിയമനടപടി കൈക്കൊള്ളുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തെ ഹിന്‍ഡന്‍ബര്‍ഗ് സ്വാഗതവും ചെയ്തു. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുമെന്നും നിയമനടപടികള്‍ വിലപ്പോവില്ലെന്നുമുള്ള മറുപടിയാണ് ഹിന്‍ഡന്‍ബര്‍ഗ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇനി ഹിന്‍ഡര്‍ബര്‍ഗ് റിസേര്‍ച്ചിലേക്ക് ഒരു എത്തിനോട്ടം:
കണക്റ്റിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് രാജ്യാന്തര ബിസിനസില്‍ ബിരുദം നേടിയ നഥാന്‍ ആന്ഡേഴ്സണ് 2017-ല്‍ തുടക്കമിട്ടതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന ഗവേഷണ സംരംഭം. ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറന്‍സിക് സാമ്ബത്തിക ഗവേഷണ സംരംഭമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ കണ്ടെത്തി അവ പരസ്യപ്പെടുത്തുകയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ രീതിയെന്ന് അതിന്റെ വെബ്സൈറ്റില്‍തന്നെ പറയുന്നു. കോര്‍പറേറ്റ് കമ്ബനികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, അക്കൗണ്ടിങ് ക്രമക്കേടുകള്‍, മാനേജ്മെന്റ് സംവിധാനങ്ങളിലെ അപചയം, രഹസ്യ ഇടപാടുകള്‍ എന്നിവയൊക്കെയാണ് ഈ മനുഷ്യനിര്‍മിത ദുരന്തം എന്നതുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്.
അതുകൊണ്ടുതന്നെ 1937-ല്‍ ന്യൂജേഴ്സിയിലേക്ക് പറക്കവെ കത്തിയമര്‍ന്ന “ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ്” ദുരന്തത്തിന്റെ പേരാണ് കമ്ബനിക്കായി സംരംഭകര്‍ കണ്ടെത്തിയതും. ജര്‍മന്‍ യാത്രാവിമാനം തീപിടിച്ചു തകര്‍ന്നപ്പോള്‍ 35 പേര്‍ക്കു ജീവന് നഷ്ടമായി. തികച്ചും മനുഷ്യനിര്‍മിത ദുരന്തമായാണ് ഈ അപകടം വിലയിരുത്തപ്പെട്ടതും. ഹൈഡ്രജന്‍ അധിഷ്ഠിത വിമാനങ്ങള്‍ മുമ്ബും സമാനദുരന്തങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതില്‍നിന്നു പാഠം പഠിക്കാത്തതാണ് ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ചിന്റെ വാദം. ലോകത്തെ ഏറ്റവും കത്തുന്ന ഒരു വാതകം നിറച്ച ബലൂണിലേക്ക് 100 പേരെ കയറ്റിവിട്ടതിനു തുല്യമാണിതെന്നും ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് വിലയിരുത്തി.
ഇതുപോലെ വിപണികളില്‍ വലിയ ദുരന്തത്തിനു തന്നെ വഴിമാറാവുന്ന അട്ടിമറികളും ഗുരുതര പിഴവുകളും മുന്‍കൂട്ടി കണ്ടെത്തുകയാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് ചെയ്യുന്നത്. തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞാല്‍, അവ വിശദീകരിക്കുന്ന വിശദ റിപ്പോര്‍ട്ട് പുറത്തിറക്കും. ഈ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി അതേ കമ്ബനിക്കെതിരേ വാതുവെപ്പ് നടത്തി, അതില്‍ നിന്നുള്ള ലാഭവും ഹിന്‍ഡന്‍ബര്‍ഗ് പ്രതീക്ഷിക്കുന്നു.
രണ്ടു വര്‍ഷം മുമ്ബ് ഇലക്ര്ടിക് ട്രക്ക് നിര്‍മ്മാതാക്കളായ “നിക്കോള കോര്‍പ്പറേഷ”നെതിരെയുള്ള പന്തയമാണ് ഹിന്‍ഡന്‍ബര്‍ഗിനെ പ്രശസ്തമാക്കിയത്. എന്നാല്‍, വലിയ വിജയം നേടിയ ഈ പന്തയത്തിന്റെ തുക കമ്ബനി ഇനിയും വ്യക്തമാക്കിയിട്ടില്ല.
“നിക്കോള” അതിന്റെ വേഗം സംബന്ധിച്ച സാങ്കേതിക വിവരങ്ങളില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍. പിന്നീട് നിക്കോളയുടെ സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടനെതിരേ അമേരിക്ക നിയമനടപടി സ്വീകരിച്ചു. 125 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്ബനി 2021-ല്‍ സമ്മതിക്കുകയും ചെയ്തു.
യു.എസിലേക്കു വരും മുമ്ബ് നഥാന്‍ ആന്ഡേഴ്സണ്, ജെറുസലേമില്‍ ആയിരുന്നെന്നാണ് 2021-ല്‍ പുറത്തിറങ്ങിയ ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത. ജെറുസലേമില്‍ ഫിനാന്‍ഷ്യല്‍ സോഫ്റ്റ്വേര്‍ കമ്ബനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു ആന്ഡേഴ്സണ്. പിന്നീട് വാഷിങ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള ബ്രോക്കര്‍ ഡീലര്‍ കമ്ബനിയില്‍ ചേര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് കെട്ടിപ്പടുത്തും മുമ്ബ് അക്കൗണ്ടിങ് തട്ടിപ്പ് ഗവേഷകനായ ഹാരി മാര്‍ക്കോപോളോസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഈ അനുഭവസമ്ബത്താണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് എന്ന ആശയത്തിലേക്കു നഥാന്‍ ആന്‍ഡേഴ്സണെ വഴിതിരിച്ചുവിട്ടതും.
വാണിജ്യകാര്യ ലേഖകന്‍

